തൃശൂർ: സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ഈ മാസം 24ന് തൃശൂരിൽ നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ ബസുകൾ സർവീസ് നിറുത്തിവെച്ചുള്ള സമരം പ്രഖ്യാപിക്കും. വിദ്യാർഥികളുടെ നിരക്ക് വർധനവ് അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം. തൃശൂരിൽ ചേർന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
നിലവില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ അതേപടി യഥാസമയം പുതുക്കി നൽകുക, 140 കിലോമീറ്റർ ദൂരപരിധിയുടെ പേരിൽ കെഎസ്ആർടിസികൾക്കായി ഈ മാസം നാലിന് പുറപ്പെടുവിച്ച ഗതാഗത വകുപ്പിൻറെ സർവീസ് പിടിച്ചെടുക്കുന്നതിനായുള്ള വിജ്ഞാപനം പിൻവലിക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക, കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും ഒരേ കൺസഷൻ നടപ്പിലാക്കുക തുടങ്ങിയവയാണ് ബസുടമകൾ പ്രധാന ആവശ്യങ്ങൾ ആയി ഉന്നയിച്ചിരിക്കുന്നത്. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് കെ കെ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലോറൻസ് ബാബു, സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നൻ ഭാരവാഹികളായ എം എസ് പ്രേംകുമാർ, കെ ജെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Summary: Private bus owners to strike; Demand including increase in student fees
Discussion about this post