യാദൃശ്ചികമായി സംഭവിച്ച അപകടമല്ല താനൂരിലെ ബോട്ട് ദുരന്തമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിന് വഴിതെളിച്ചത്. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്‍റെ പ്രധാന ഉത്തരവാദികളെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ഭരണകൂടം ‘സ്പോൺസർ ചെയ്ത കൂട്ടക്കൊല’യ്ക്ക് തുല്യമാണ് ഇന്നലെ നടന്ന ബോട്ടപകടം. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടികൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാകണം എന്ന് സുധാകരൻ ആവശ്യപെട്ടു.
സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസിക ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നത്. രാഷ്ട്രീയ ധാർമികത എന്നത് സി.പി.എമ്മിന്‍റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്തതുകൊണ്ട് ഈ ദുരന്തത്തിൽ ടൂറിസം മന്ത്രിയുടെ രാജി ഒന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല. പക്ഷേ സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത 22 ജീവനുകൾ എടുത്ത കാര്യം പ്രബുദ്ധ കേരളം കണ്ണു തുറന്നു കാണണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post