വിശ്വകിരീടം സ്വന്തമാക്കി തലയെടുപ്പോടെ നില്‍ക്കുന്ന അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിക്ക് പൂരങ്ങളുടെ പൂരത്തിന്റെ ആദരം. വടക്കുംനാഥന്റെ മണ്ണിലും മെസി തന്റെ വരവറിയിച്ചു. തിങ്ങി നിറഞ്ഞ പൂരനഗരി, ചുറ്റും ആര്‍പ്പോ വിളികള്‍, പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് കുടമാറ്റം നടത്തുന്നു. ഉന്മാദവസ്ഥയിലേക്കെത്തിയ ജനക്കൂട്ടത്തിന് മുന്നിലേക്ക് ഒടുവില്‍ ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസി എത്തി. കൊമ്പന്‍മാര്‍ക്ക് മുകളില്‍ മെസ്സിയെ കേറ്റിയിരുത്തി കുടമാറ്റത്തില്‍ വിസ്മയം തീര്‍ത്തത് തിരുവമ്പാടിക്കാരാണ്. ഖത്തര്‍ ലോകകപ്പില്‍ കന്നിക്കപ്പ് വാനിലേക്കുയര്‍ത്തി ചിരിച്ച അതേ എണ്ണം പറഞ്ഞ മെസ്സിമാര്‍ ആനപ്പുറത്തേറി വാനിലുയര്‍ന്നു നിന്നു. പൂരപ്പറമ്പ് ഇളകി മറിഞ്ഞു. കുട ഉയര്‍ന്നതോടെ ആരാധകര്‍ മെസി മെസി എന്ന് ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു. എല്‍ഇഡിയില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ആശംസകള്‍ തെളിഞ്ഞതോടെ പൂരാസ്വാദകരും ഫുട്‌ബോള്‍ ആരാധകരും ആവേശത്തിന്റെ പരകോടിയിലെത്തി. ലോകകിരീടം നേടിയ മെസിക്കുള്ള സമര്‍പ്പണവും തൃശൂര്‍പൂരത്തിന് മലയാളികള്‍ക്കുള്ള ആശംസയും നിറഞ്ഞതായിരുന്നു മെസി കുട. അറിയുന്നുണ്ടോ മെസി ഇങ്ങ് മലയാള നാടിന്റെ പൂരങ്ങളുടെ പൂരങ്ങളില്‍ നീ ആനപ്പുറത്തേറി തിളങ്ങി നില്‍ക്കുന്നത്. തേക്കിന്‍കാട് മെതാനിയില്‍ നിന്ന് കണ്ണും മനസും നിറഞ്ഞ കാഴ്ചയളുമായിത്തന്നെയാണ് ഓരോ പൂര പ്രേമിയും പൂരനഗരിയോട് വിടപറഞ്ഞത്.
Discussion about this post