ലഖ്നൗ: അതിഖ് അഹമ്മദ് കൊലപാതകത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. ജുഡീഷ്യല്‍ അന്വേഷണത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നതെന്ന് പൊലീസ് വെളുപ്പെടുത്തി. രണ്ടുപേരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ലവ്ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ഇപ്പോൾ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
മകന് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കിപ്പുറമാണ് ഗുണ്ടാ തലവനും മുന്‍ എംപിയുമായ അത്തിഖ് അഹമ്മദും സഹോദരന് അഷ്റഫ് അഹമ്മദും കൊല്ലപ്പെടുന്നത്. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇരുവരേയും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ വെടിവെപ്പുണ്ടായത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവര്‍ ആതിഖിന്റെ തലയോട് തോക്ക് ചേര്‍ത്ത് പിടിച്ച് വെടിയുതിര്‍ത്തതെന്ന് വീഡിയോകളില്‍ കാണാം. പിന്നാലെ അഷ്റഫിന് നേരെയും വെടിയുതിര്‍ത്തു. വെടിവെപ്പിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു.
കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുഴുവന്‍ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തി. പൊലീസ് സുരക്ഷയിലിരിക്കെ ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ക്രമസമാധാന പരിപാലനത്തിലെ വീഴ്ച്ചയുടെ ഉത്തമ ഉദാഹരണമാണിതെന്ന് ഉവൈസി വിമര്‍ശിച്ചു.
ബി എസ് പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് ആതിഖ് അഹമ്മദ് ജയിലിലായത്. കഴിഞ്ഞ മാസം ഇയാൾക്ക് ഈ കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു.
Discussion about this post