ന്യൂഡൽഹി: അധികാരത്തിൽ ഇരിക്കുന്ന പാർട്ടികൾ രാഷ്ട്രീയ എതിരാളികളെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ജനാധിപത്യം നഷ്ടപെടുത്തുന്നത് അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി.
തമിഴ്നാട്ടിൽ ഡി.എം.കെ തുടങ്ങിയ തൊഴിൽ പദ്ധതി പിന്നീട് ഭരണത്തിലേറിയ എ.ഐ.എ.ഡി.എം.കെ നിർത്തലാക്കിയ തർക്കത്തിൽ വിധിപറയുകയായിരുന്ന അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.
കരുണാനിധി നയിച്ച ഡി.എം.കെ സർക്കാർ 1989 സെപ്റ്റംബർ രണ്ടിന് ഗ്രാമ വികസന വകുപ്പിന് കീഴിൽ പത്താം തരം ജയിച്ച യുവാക്കൾക്ക് 12617 ഗ്രാമങ്ങളിൽ ജോലി നൽകാനായി ‘മക്കൾ നല പണിയളർകൾ’ എന്ന പദ്ധതി തുടങ്ങിയിരുന്നു. 25,234 പേർക്ക് മാസം തോറും 200 രൂപ ഓണറേറിയം നൽകിയാണ് പദ്ധതി ആരംഭിച്ചത്.
എന്നാൽ തുടർന്ന് അധികാരത്തിൽ എത്തിയ എ.ഐ.എ.ഡി.എം.കെ സർക്കാർ 1991 ൽ പദ്ധതി നിർത്തലാക്കി. 1997 ൽ വീണ്ടും ഡി എം കെ സർക്കാർ പദ്ധതി പുനരാരംഭിക്കുകയും ഇത് 2001 ൽ വീണ്ടും എ.ഐ.എ.ഡി.എം.കെ റദ്ദാക്കുകയും ചെയ്തു. 2006ൽ മൂന്നാമതും ഡി.എം.കെ സർക്കാർ പദ്ധതി പുനരാരംഭിച്ചതിന് പിന്നാലെ 2011 ൽ എ.ഐ.എ.ഡി.എം.കെ പദ്ധതി വീണ്ടും നിർത്തി.
ഇതിനെതിരെ എം എൻ പി എന്ന തൊഴിൽ നേടിയവർ നടത്തിയ നിയമപോരാട്ടത്തിൽ മദ്രാസ് ഹൈകോടതി പദ്ധതിക്ക് കീഴിൽ തൊഴിൽ നേടിയവരെ ഏതെങ്കിലും സർക്കാർ ജോലികളിൽ യോഗ്യത നോക്കി നിയമിക്കാൻ 2014 ൽ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ എ.ഐ.എ.ഡി.എം.കെ സുപ്രീം കോടതിയിൽ നിന്നും ഇടക്കാല സ്റ്റേ വാങ്ങിയിരുന്നു. മദ്രാസ് ഹൈകോടതിയുടെ നിർദേശം അപ്രായോഗികമാണെന്ന് കണ്ട്
റദ്ദാക്കിയ സുപ്രീംകോടതി അതേസമയം എം.എൻ.പി ക്കാരിൽ ഒരു പഞ്ചായത്തിലെ ഒരാൾക്ക് എന്ന തോതിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ഗ്രാമത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ നൽകാൻ 2022 ജൂൺ ഏഴിന് പുറപ്പെടുവിച്ച ഉത്തരവ് ശരി വയ്ക്കുകയും ചെയ്തു.
രാഷ്ട്രീയ കാരണങ്ങളാൽ മാത്രമാണ് അഭ്യസ്തവിദ്യർക്കുള്ള തൊഴിൽ പദ്ധതി എ.ഐ.എ.ഡി.എം.കെ സർക്കാർ നിർത്തിയതെന്ന് രേഖകളിൽനിന്ന് വ്യക്തമാണെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗിയും ബേല എം ത്രിവേദിയും വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
2002 ജൂൺ ഏഴിന് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ ചേർന്നവർക്ക് പദ്ധതി തുടരുന്നതുവരെ ജോലിയിൽ തുടരാം. 2011 ഡിസംബർ ഒന്നു മുതൽ 2012 മേയ് 31 വരെയുള്ള ആറുമാസ കാലയളവിൽ ഓണറേറിയമായി 25,851 നൽകണമെന്നും സുപ്രീംകോടതി വിധിച്ചു. മൂന്നു മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കി എം.എൻ.പിക്കാർ തുക കൈപ്പറ്റണം.
Discussion about this post