പരിഹാസങ്ങള്‍ക്കും കൂവലുകള്‍ക്കും ലയണല്‍ മെസി കളത്തില്‍ മറുപടി നല്‍കി. മെസ്സിയുടെ ഗോളിന്റെയും അസിസ്റ്റിന്റെയും ബലത്തില്‍ പി എസ് ജി വീണ്ടും വിജയ വഴിയിലേക്ക് തിരികെയെത്തി. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് ലീഗില്‍ നീസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. മെസ്സി തന്നെ ആയിരുന്നു പി എസ് ജിയുടെ രക്ഷകനായത്. മത്സരം ആരംഭിച്ച് 26ആം മിനുട്ടില്‍ മെസ്സി ഗോള്‍ നേടി. നൂനോ മെന്‍ഡസ് ഇടതുവിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് തന്റെ ഇടം കാലു കൊണ്ട് മെസ്സി വലയിലേക്ക് എത്തിക്കുക ആയിരുന്നു. രണ്ടാം പകുതിയില്‍ റാമോസ് നേടിയ ഗോള്‍ പി എസ് ജി വിജയം ഉറപ്പിച്ചു. മെസ്സി ആയിരുന്നു ആ ഗോള്‍ ഒരുക്കിയത്. അവസാന അഞ്ചു മത്സരങ്ങള്‍ക്ക് ഇടയില്‍ പി എസ് ജിയുടെ രണ്ടാം വിജയം മാത്രമാണിത്. 30 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റുമായി പി എസ് ജി ലീഗില്‍ ഒന്നാമത് തുടരുന്നു.
Discussion about this post