ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ വീണ്ടും ചോദ്യംചെയ്യുന്നു. ചോദ്യംചെയ്യലിനു ശേഷം സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ജയിലില്‍ കിടക്കേണ്ടവന്നാലും തനിക്ക് പ്രശ്നമില്ലെന്ന് ചോദ്യംചെയ്യലിനു ഹാജരാകുന്നതിന് മുന്‍പ് സിസോദിയ ട്വീറ്റ് ചെയ്തു. സി.ബി.ഐ ഓഫീസിലേക്കു പോകുന്നതിന് മുമ്പായി അദ്ദേഹം രാജ്ഘട്ടില്‍ സന്ദർശനം നടത്തി.
ഇന്ന് സി.ബി.ഐക്കുമുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകുകയാണ്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. ലക്ഷണക്കണക്കിന് കുട്ടികളുടെയും കോടിക്കണക്കിന് ജനങ്ങളുടെയും അനുഗ്രഹം ഞങ്ങള്‍ക്കുണ്ട്. ഏതാനും മാസങ്ങള്‍ ജയിലില്‍ കഴിയേണ്ടിവന്നാലും എനിക്കത് പ്രശ്നമല്ല, സിസോദിയ ഞായറാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.
ദൈവം താങ്കളുടെ കൂടെയുണ്ടെന്ന് സിസോദിയയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു. ലക്ഷക്കണക്കിന് കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിങ്ങള്‍ ജയിലില്‍ പോകേണ്ടിവന്നാല്‍ അത് യശസ്സാണ്. താങ്കള്‍ ഉടന്‍തന്നെ ജയിലില്‍നിന്ന് തിരിച്ചുവരുന്നതിന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ഡല്‍ഹിക്കാരായ എല്ലാവരും താങ്കള്‍ക്കുവേണ്ടി കാത്തിരിക്കും, കെജ്രിവാള് ട്വീറ്റില്‍ പറഞ്ഞു.
സിസോദിയയെ ചോദ്യംചെയ്യുന്നതിന് മുന്നോടിയായി തങ്ങളുടെ നേതാക്കളെയെല്ലാം വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. സിസോദിയയെ അറസ്റ്റ് ചെയ്യാനാണ് മോദിയുടെ പോലീസ് അവരുടെ അധികാരം പൂര്‍ണമായും ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിനെ മോദി ഇത്രയധികം ഭയക്കുന്നത്. എന്തൊക്കെ ചെയ്താലും നിങ്ങള്‍ പരാജയപ്പെടും, സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.
വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് ലഭിച്ചതായി ഏതാനും ദിവസംമുന്പ് സിസോദിയ പറഞ്ഞിരുന്നു. വീണ്ടും സി.ബി.ഐ. വിളിച്ചിരിക്കുന്നു. എനിക്കെതിരേ അവര്‍ സി.ബി.ഐ.യുടെയും ഇ.ഡി.യുടെയും മുഴുവന്‍ അധികാരവും ഉപയോഗിച്ചു. എന്റെ വീട് റെയ്ഡ് ചെയ്തു. ബാങ്ക് ലോക്കര്‍ പരിശോധിച്ചു. എന്നിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണവുമായി എപ്പോഴും സഹകരിച്ചിട്ടുണ്ട്. അതിനിയും തുടരും, എന്നായിരുന്നു സിസോദിയയുടെ അന്നത്തെ ട്വീറ്റ്.
2021-2022-ലെ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മൂന്നുമാസത്തിനുശേഷമാണ് കേന്ദ്ര അന്വേഷണ ഏജന്‍സി വീണ്ടും സിസോദിയയെ ചോദ്യംചെയ്യുന്നത്. മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്സേനയാണ് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17-ന് നടപ്പാക്കിയ മദ്യനയം വിവാദത്തെത്തുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ 2022 ജൂലായില്‍ പിന്‍വലിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചത്. 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതില്‍ സിസോദിയയെ പ്രതിചേര്‍ത്തിട്ടില്ല. അറസ്റ്റിലായ വ്യവസായികളായ വിജയ് നായര്‍, അഭിഷേക് ബോയിന്‍പള്ളി എന്നിവരടക്കം ഏഴു പ്രതികളെയാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അഴിമതി നടത്തി ലഭിച്ച പണം ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചെന്നാണ് ആരോപണം.
Discussion about this post