ഉത്തര്‍പ്രദേശില്‍ എം.എല്‍.എയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയെ പട്ടാപ്പകല്‍ നടു റോഡില്‍ വെടിവച്ചു കൊന്നു. രണ്ട് അംഗരക്ഷകര്‍ക്കു പരുക്കേറ്റു. പ്രയാഗ്രാജില് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിഎസ്പി എംഎല്‍എ രാജു പാലിനെ 2005ല്‍ വെടിവച്ചു കൊന്ന കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെയാണ് ഇന്ന് അജ്ഞാതന്‍ വെടിവച്ചു കൊന്നത്. ഉമേഷ് വാഹനത്തിന്റെ പിന്‍സീറ്റില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഉമേഷിന്റെ വീടിനു സമീപത്തു വച്ചായിരുന്നു ആക്രമണം.
രണ്ട് പൊലീസുകാര്‍ക്കൊപ്പം വാഹനത്തിന്റെ പിന്‍സീറ്റില്‍നിന്ന് ഉമേഷ് പുറത്തേക്കിറങ്ങുന്നതും പിറകില്‍നിന്നെത്തിയയാള്‍ അദ്ദേഹത്തെ വെടിവയ്ക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. വെടിയേറ്റ ഉമേഷ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി പിന്നാലെയെത്തി വെടിവച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ പിടികൂടാന്‍ അംഗരക്ഷകന് ശ്രമിച്ചെങ്കിലും അയാള്‍ക്കും വെടിയേറ്റു.
ഇതിനിടെ മറ്റു ചിലര്‍ നാടന്‍ ബോംബ് എറിഞ്ഞതായി പൊലീസ് പറഞ്ഞു. ബോംബ് പൊട്ടി പുകയുയര്‍ന്നതോടെ റോഡില്‍ ആളുകള്‍ പരിഭ്രാന്തരായി പരക്കം പറഞ്ഞു. വാഹനങ്ങള്‍ ഉപേക്ഷിച്ച് ആളുകള്‍ അടുത്തുള്ള കടകളിലേക്ക് ഓടിക്കയറി. ഉമേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള അംഗരക്ഷകനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 2005ല്‍ രാജു പാലിനെ കൊന്ന കേസില്‍ മുന്‍ ലോക്സഭാംഗവും ഇപ്പോള്‍ ഗുജറാത്തില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന അധോലോകത്തലവനുമായ അത്തിഫ് അഹമ്മദാണ് പ്രധാന പ്രതി.
Discussion about this post