മന്ത്രവാദവും ആഭിചാരക്രിയകളും ഇന്നും നമ്മുടെ സമൂഹത്തിൽ സജീവമായി വേരോടുന്നുണ്ടെന്ന സത്യം ഊട്ടിയുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നമുക്കുമുന്നിലേക്കെത്തികൊണ്ടിരിക്കുന്ന വാർത്തകൾ. ശാസ്ത്രം എത്ര പുരോഗമിച്ചാലും അന്ധവിശ്വാസത്തിന്‍റെ അവശിഷ്ടങ്ങൾ നമുക്കിടയില്‍ ഉണ്ടെന്നതിന്‍റെ തെളിവാണ്, ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിനെ മന്ത്രവാദി ഇരുമ്പുകത്തി പഴുപ്പിച്ച് പൊള്ളിച്ചു കൊന്ന വാർത്ത.
മധ്യപ്രദേശിലെ ഷോപൂരിലാണ് സംഭവം നടന്നത്. ന്യൂമോണിയ ബാധിച്ച രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കളാണ് മന്ത്രവാദിനിയുടെ അടുത്തെത്തിച്ചത്. ആദ്യ കുഞ്ഞ് ന്യൂമോണിയ പിടിപെട്ട് മരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കുഞ്ഞുമായി മന്ത്രവാദിനിയുടെ അരികില്‍ ചെന്നത്. തന്നെ സമീപിച്ചിരുന്നെങ്കില്‍ ആദ്യത്തെ കുഞ്ഞിനെ രക്ഷപ്പെടുത്തുമായിരുന്നുവെന്ന് മന്ത്രവാദി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് കുഞ്ഞിന് ന്യുമോണിയ ബാധിച്ചപ്പോള്‍ മന്ത്രവാദിയുടെ അടുത്ത് ചെന്നത്.
ഇരുമ്പു കത്തി പഴുപ്പിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിച്ചാല്‍ രോഗംമാറുമെന്നാണ് മന്ത്രവാദി മാതാപിതാക്കളോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ അടിവയറുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ 40 തവണ മന്ത്രവാദി ഇരുമ്പ് കത്തി ഉപയോഗിച്ച് പൊള്ളിക്കുകയായിരുന്നു.
അതോടെ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഷാഡോള്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരിച്ചു.
സംസ്‌കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. ന്യുമോണിയ ബാധിച്ച കുഞ്ഞ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും മന്ത്രവാദം നടത്തിയ സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു. വനിത ബാല ക്ഷേമ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞതെന്ന് ഷാഡോള്‍ കളക്ടര്‍ അറിയിച്ചു. പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയത്തിന് പ്രശ്‌നമുള്ളതായി കണ്ടെത്തി. മന്ത്രവാദിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post