ന്യൂഡല്‍ഹി: മേഘാലയ, ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16നും നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27നുമാണ് തിരഞ്ഞെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന് നടക്കും.
ലക്ഷദ്വീപില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. അടുത്ത മാസം 27നാണ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്. മാര്‍ച്ച് 2നാണ് ഫലപ്രഖ്യാപനം. എംപിയെ അയോഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയിലെ ആകാശവാണി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്.
മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 31.47 ലക്ഷം വോട്ടര്‍മാര്‍ സ്ത്രീകളാണ്. 97000 വോട്ടര്‍മാര്‍ 80 വയസ്സിന് മുകളിലുള്ളവരാണ്. 1.76 ലക്ഷം പേരാണ് കന്നി വോട്ടര്‍മാര്‍. 300 പോളിംഗ് സ്‌റ്റേഷന്റെ നിയന്ത്രണം വനിതകള്‍ക്കായിരിക്കും. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കാതെ സ്ഥിരം സംവിധാനം ഒരുക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.
സ്‌കൂളുകള്‍ക്കും മറ്റും കുടിവെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യം തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും സൗകര്യം ഒരുക്കുക. ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സൗകര്യം ഒരുക്കും.
Discussion about this post