അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഹകരണം വേണമോയെന്നത് ചര്‍ച്ച ചെയ്ത് സിപിഎം ത്രിപുര സംസ്ഥാന സമിതി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തു. അതേസമയം പ്രതിപക്ഷത്ത് പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ യെച്ചൂരി കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ മുന്‍ മാതൃകയില്‍ മുന്നണിയുണ്ടായേക്കുമെന്നും പ്രതികരിച്ചു.
ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തലാണ് കോണ്‍ഗ്രസ് സഹകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. ഇന്നലെയും ഇന്നുമായി ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായി. സംസ്ഥാനത്തിന്റെ നിലപാട് പാര്‍ട്ടി വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂവെന്നതിനാല്‍ കോണ്‍ഗ്രസിന്റെയും തിപ്ര മോത്ത (ത്രിപുര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം) പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ഭരണം നേടാമെന്നതാണ് സിപിഎം കരുതുന്നത്.
Discussion about this post