കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവം ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. ദരിദ്രമായ ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള കുട്ടികൾക്ക് ഇതിന്റെ ചെലവ് താങ്ങാൻ കഴിയില്ല. വിജയിക്കുന്നതിനേക്കാൾ പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് തിരിച്ചറിയണം. പരാജയം അംഗീകരിക്കാൻ മാതാപിതാക്കൾ മക്കളെ ഒരുക്കുന്നില്ലെങ്കിൽ, കലോത്സവങ്ങൾ അവരെ വിഷാദത്തിലേക്ക് തളളിവിട്ടേക്കും. റവന്യൂ ജില്ലാ കലോൽസവത്തിന്റെ വിധി നിർണയത്തിനെതിരായ ഒരു കൂട്ടം ഹർജികൾ തള്ളവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കോഴിക്കോട് കലോത്സവത്തിനൊരുങ്ങുമ്പോൾ മാതാപിതാക്കൾക്ക് വൻ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഒരു ഡാൻസ് ട്രൂപ്പിനെ സ്റ്റേജിൽ എത്തിക്കാൻ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. സ്റ്റേജിൽ വരുന്ന ഏറ്റവും ചെലവേറിയ ഇനങ്ങളിൽ ഒന്നാണ് ഗ്രൂപ്പ് ഡാൻസ്. സാധ്യമായ ഏറ്റവും കുറഞ്ഞ തലത്തിൽ ഒരു ടീമിനെ സ്റ്റേജിൽ എത്തിക്കാൻ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ആവശ്യമാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് ചെലവ് നാലിലൊന്നായി വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ വർഷം കഴിയുന്തോറും കലോൽസവ വേദിയിൽ വീറും വാശിയും ആവേശവും കൂടുകയാണ്. എന്തിനും ഏതിനും സ്കൂളധികൃതരും പണമിറക്കാൻ പിടിഎയും ഉണ്ടെങ്കിൽ ചെലവൊരു പ്രശ്നമല്ല. പക്ഷേ അങ്ങനെ അല്ലാത്തവരുടെ കാര്യം പരിതാപകരമാണ്.
Discussion about this post