ഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഇളവ് തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കരട്, അന്തിമ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച പ്രദേശങ്ങളിൽ ബഫർ സോൺ വിധി നടപ്പാക്കുന്നതിൽ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്‍റെ നീക്കം. കേന്ദ്രത്തിന്‍റെ ഹർജിയിൽ കക്ഷിയാകാൻ സംസ്ഥാനം സുപ്രീം കോടതിയിൽ അപേക്ഷ നൽകും.
https://youtu.be/CAghX_X-Qwo
ബഫർ സോണുകൾ നിർബന്ധമാക്കി ജൂൺ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി ജനുവരി 11ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്‍റെ ഹർജി പരിഗണിക്കുന്നത്. കരട്, അന്തിമ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച പ്രദേശങ്ങൾക്ക് പുറമെ, സർക്കാരിന്റെ പരിഗണനയിലുള്ള വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്ന മേഖലകൾക്കും ഇളവുകൾ അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
17 വന്യജീവി സങ്കേതങ്ങളുടേയും ആറ് ദേശീയ സംരക്ഷിത പാർക്കുകളുടേയും ബഫർ സോൺ സംബന്ധിച്ച് കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ പെരിയാർ ദേശീയോദ്യാനവും പെരിയാർ വന്യജീവി സങ്കേതവും ഒഴികെ മറ്റെല്ലായിടത്തും കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. മതികെട്ടാന്‍ ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ബഫർ സോൺ സംബന്ധിച്ച അന്തിമ വിജ്ഞാപനവും കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ ജനങ്ങളുടെ ആശങ്കകൾ പൂർണമായും ഇല്ലാതാകുമെന്നാണ് കേരളത്തിന്‍റെ പ്രതീക്ഷ.
Discussion about this post