ഡല്‍ഹി: ചൈനയില്‍ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും. കൊവിഡ് ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികള്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതിന് പിന്നില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ പുതിയതും വേഗത്തില്‍ പകരാവുന്നതുമായ ബിഎഫ്.7 (BF.7) വകഭേദം ആണെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം ഇന്ന് കേന്ദ്രം അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കൊവിഡിനെതിരെ പൂര്‍ണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും കേന്ദ്രമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളില്‍ കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.
Discussion about this post