ഡല്‍ഹി: ഇടതുകാല് ഉളുക്കിയതിനെ തുടര്‍ന്ന് വീല്‍ചെയറിലാണ് ശശി തരൂര്‍ എംപി പാര്‍ലമെന്റിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ ഒരു കുറിപ്പും ഒപ്പം വീല്‍ചെയറിലിരിക്കുന്ന തന്റെ ചിത്രവും പങ്കുവെച്ചു. കുറിപ്പ് ഇങ്ങനെയാണ്. ”പാര്‍ലമെന്റിലേക്ക് നിങ്ങള്‍ക്ക് വീല്‍ചെയറില്‍ പ്രവേശിക്കേണ്ടി വരുമ്പോള്‍, റാംപുള്ള ഒരു കവാടം മാത്രമേയുള്ളൂ. അത് ഡോര്‍ 9ലാണ്. ഈ താത്ക്കാലിക വൈകല്യം, ഭിന്നശേഷിക്കാരെ ആളുകളെ പിന്തുണക്കാന്‍ നമ്മുടെ സജ്ജീകരണങ്ങള്‍ എത്രത്തോളം അപര്യാപ്തമാണെന്ന് എന്നെ പഠിപ്പിച്ചു.”
നിരവധി പേരാണ് തരൂരിന്റെ കുറിപ്പിന് പ്രതികരണവുമായി എത്തിയത്. ഭിന്നശേഷിക്കാരായ വ്യക്തികളും അവരില്‍ ഉള്‍പ്പെട്ടിരുന്നു. ”അദ്ദേഹത്തിന്റെ താത്ക്കാലിക പരിക്കില്‍ സഹായികളായി മൂന്നു പേരുണ്ട്. എന്നാല്‍ രാജ്യത്തെ വലിയൊരു ശതമാനം വരുന്ന ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ സ്വയം ചെയ്യേണ്ടി വരുന്നുണ്ടെ”ന്നും ചിലര്‍ പ്രതികരണത്തില്‍ ചൂണ്ടിക്കാണിച്ചു.
”ഇത്തരമൊരു പ്രശ്‌നം സ്വയം അനുഭവിക്കുന്നത് വരെ ഇക്കാര്യത്തെക്കുറിച്ച് ആര്‍ക്കും മനസ്സിലാകില്ല. ആരെയും കുറ്റപ്പെടുത്താനല്ല. നിങ്ങളെ സഹായിക്കാന്‍ ആളുണ്ടായിരുന്നു. 25 വര്‍ഷം അധ്യാപകനായി ജോലി ചെയ്ത ഭിന്നശേഷിക്കാരനായ ഒരു വ്യക്തിയെക്കുറിച്ച് ഓര്‍ക്കുക. ഒന്നാം നിലയിലേക്ക് ക്ലാസെടുക്കാന്‍ എല്ലാ ദിവസവും പടികള്‍ കയറി അദ്ദേഹത്തിന് പോകേണ്ടി വന്നു.” ഒരാളുടെ പ്രതികരണമിങ്ങനെ. ഇങ്ങനെ നിരവധി ആളുകളാണ് ഭിന്നശേഷിക്കാരായ ആളുകളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചത്.
Discussion about this post