റിയാദ്: തൊഴില്‍ നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന സൗദിയിലെ എല്ലാ സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകള്‍ പരസ്യം ചെയ്യുന്നതിനും തൊഴില്‍ അഭിമുഖങ്ങള്‍ നടത്തുന്നതിനും പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം. മിനിമം ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍, ജോലി സമയം, എഴുത്ത്, പ്രായോഗിക പരീക്ഷ ഫലങ്ങളുടെ അറിയിപ്പ് എന്നിവ സംബന്ധിച്ചാണ് നിബന്ധന കര്‍ശനമാക്കുന്നത്. ജോലി ഒഴിവ് സംബന്ധിച്ച പരസ്യത്തില്‍ തസ്തികയെ കുറിച്ച് കൃത്യമായ വിവരണം നല്‍കണം. അപേക്ഷകര്‍ നല്‍കേണ്ടത് എങ്ങനെ, എന്തെല്ലാം വിവരങ്ങള്‍ ചേര്‍ക്കണം തുടങ്ങിയവയും പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കണം. തസ്തികയുടെ പേര്, ചുമതലകള്‍, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, ജോലിക്ക് വേണ്ട നൈപുണ്യം, പരിചയം എന്നിവ ഇതിലുള്‍പ്പെടും.
സ്ഥാപനത്തിന്റെ പേര്, അതിന്റെ പ്രവര്‍ത്തനം, ആസ്ഥാനം, ജോലി സ്ഥലം എന്നിവയും പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കണം. സ്ഥാപനത്തില്‍ നേരിട്ടെത്തിയോ അതല്ല ഓണ്‍ലൈന്‍ സംവിധാനത്തിലോ ആണോ ജോലി ചെയ്യേണ്ടത്, ജോലി താല്‍ക്കാലികമോ, പാര്‍ട്ട് ടൈമോ എന്നിങ്ങനെയുള്ള വിശദാംശങ്ങളും പരസ്യത്തില്‍ വ്യക്തമാക്കണം. ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനമില്ലാതെ ജോലി ഒഴിവിന് അപേക്ഷിക്കാനുള്ള കാലയളവ് നിര്‍ണയിച്ചിരിക്കണം.
Discussion about this post