മുടിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ ബോഡി ഷെയിമിങായി അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. താൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കരുതെന്ന് ജൂഡ് കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2018 എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ജൂഡ് ആന്റണിയുടെ തലയിൽ മുടി കുറവാണെന്നെ ഉള്ളൂ ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്. താരത്തിന്റെ വാക്കുകൾ പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
‘മമ്മൂക്ക മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിനുള്ള വിഷമം എൻ്റെ കുടുംബത്തിനോ എനിക്കോ ഇല്ല. മമ്മൂക്കയെ ചൊറിയാൻ നിൽക്കാതെ എന്റെ മുടി കൊഴിയാൻ ഉത്തരവാദികളായ ബാംഗ്ലൂർ കോർപ്പറേഷൻ വാട്ടറിനും വിവിധ ഷാംപൂ കമ്പനികൾക്കുമെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാൻ വളരെയധികം ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ ദയവായി വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ സ്വയം അഭിമാനിക്കുന്ന ഒരുവൻ’,ജൂഡ് കുറിച്ചു.
Discussion about this post