തിരുവനന്തപുരം: കേരള ഗവർണർ- സർക്കാർ പോര് മൂർച്ഛിച്ചിരിക്കെ, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി സർക്കാർ. ഒരു കലണ്ടർ വർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണു ചട്ടം. എന്നാൽ ഡിസംബറിൽ ചേരുന്ന സഭാ അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും എന്ന സാധ്യതയാണ് സർക്കാർ പരിഗണിക്കുന്നത്.
ഡിസംബർ 13ന് താൽക്കാലികമായി പിരിഞ്ഞ സഭ ക്രിസ്മസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് സർക്കാർ നീക്കം. അങ്ങനെ ചെയ്താൽ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം തൽക്കാലത്തേക്ക് ഒഴിവാക്കാം. ജനുവരിയിൽ സഭ പുനരാരംഭിക്കുമ്പോൾ അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ജനുവരി 20ഓടെ ബഡ്ജറ്റ് അവതരിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ കേരള ചരിത്രത്തിലാദ്യമായാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.
ബഡ്ജറ്റിനൊപ്പം ഏപ്രിൽ മുതലുള്ള മൂന്ന് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കും. ഇതോടെ മറ്റ് അടിയന്തര സാഹചര്യങ്ങളുണ്ടായില്ലെങ്കിൽ ജൂൺ അവസാനവാരം വരെ നിയമ സമ്മേളനം ചേരേണ്ടതില്ല. ജൂൺ അവസാനമോ ജൂലൈ ആദ്യവാരമോ നിയമസഭ ചേർന്നാൽ മതിയാകും.
1990ൽ നായനാർ സർക്കാർ ഇതേ തന്ത്രം ഉപയോഗിച്ചിരുന്നു. ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാനാണ് അന്ന് ഈ തന്ത്രം പ്രയോഗിച്ചത്. 1989 ഡിസംബർ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴാണ് സർക്കാർ പുതിയ ബഡ്ജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിനോടകം പാൽ വില വർദ്ധനവ് ഉൾപ്പെടെയുള്ള വിലക്കയറ്റത്തിൽ ജനം നട്ടംതിരിയുകയാണ്. ഇനി ഏതൊക്കെ മേഖലയിൽ നികുതി വദ്ധനവ് ഉണ്ടാകുമെന്നാണ് ജനം ഉറ്റുനോക്കുന്നത്.
അതിനിടെ ആറു സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാല നിയമഭേദഗതി ബിൽ സഭ ചർച്ചയ്ക്കെടുത്തു. ചർച്ചകൾക്കുശേഷം ബിൽ സഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും.
വൈസ് ചാൻസലറുടെ ഒഴിവുണ്ടാകുമ്പോൾ പ്രോ വൈസ് ചാൻസലർക്ക് ചുമതല നൽകുകയോ മറ്റേതെങ്കിലും സർവകലാശാലകളുടെ വിസിക്ക് ചുമതല കൈമാറുകയോ ചെയ്യണമെന്ന ബില്ലിലെ നിർദ്ദേശത്തിൽ സബ്ജക്ട് കമ്മിറ്റി ഭേദഗതി കൊണ്ടുവന്നു. വൈസ് ചാൻസലറുടെ ഒഴിവുണ്ടായാൽ ചാൻസലർ പ്രൊ ചാൻസലറുമായി ആലോചിച്ച് പകരം ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് ഭേദഗതി. ചാൻസലർ സർക്കാരിനു രേഖാമൂലമുള്ള അറിയിപ്പ് നൽകി രാജിവയ്ക്കാവുന്നതാണ് എന്ന നിർദ്ദേശത്തിലും ഭേദഗതി വരുത്തി. ചാൻസലർക്ക് സർക്കാരിനു രേഖാമൂലം രാജി സമർപ്പിക്കാം എന്നാണ് ഭേദഗതി. സർക്കാരിന് അറിയിപ്പ് നൽകി രാജി സമർപ്പിക്കണമെന്ന് വ്യവസ്ഥ ഒഴിവാക്കി എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസലർ മതിയെന്ന് പ്രതിപക്ഷം ഭേദഗതി നിർദേശം കൊണ്ടുവന്നു. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം. നിയമനത്തിന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുണ്ടാകണം. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാൻസലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിർദ്ദേശിച്ചു.
Discussion about this post