കുറ്റവാളികള്‍ ജനിക്കുന്നില്ല, സൃഷ്ടിക്കപ്പെടുകയാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി ആല്‍ബര്‍ട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത സ്‌പെയിന്‍ ചിത്രം പ്രിസന്‍ 77 ത്രില്ലര്‍ മൂഡിലാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികള്‍ ആസ്വദിച്ചത്. ജയിലിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷവും കഥാപാത്രങ്ങളുടെ സ്വാഭാവികതയും സിനിമയെ മികവുറ്റതാക്കി. കാമ്പുള്ള തിരക്കഥയും മികച്ച അവതരണവും ചെറു സീനുകളില്‍ മാത്രമെത്തുന്ന കഥാപാത്രങ്ങളെ പോലും സ്വാഭാവികത കൊണ്ട് മിഴിവുറ്റതാക്കിയ അഭിനേതാക്കളുമാണ് പ്രിസന്‍ 77 നെ മികച്ച ചിത്രങ്ങളില്ലൊന്നാക്കി മാറ്റിയത്.
ഭരണകൂട ഭീകരത എല്ലാ അര്‍ത്ഥത്തിലും അഴിഞ്ഞാടുമ്പോള്‍ ജയിലുകള്‍ക്കുള്ളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ വൈകാരികത ഒട്ടും കുറയാതെ സിനിമ കാണിച്ചു തരുന്നു. നിരപരാധികളെ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ ജയിലെന്ന നരകത്തിലേയ്ക്ക് അയക്കുന്ന സമ്പന്ന വര്‍ഗത്തിന്റെ ധാര്‍ഷ്ട്യവും അതിനു കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ അഴിമതിയും ഏത് നാട്ടിലും നടക്കാവുന്നതാണ്. സ്‌പെയിനില്‍ നടക്കുകയും പുറത്തറിയാതിരിക്കുകയും ചെയ്ത കലാപത്തിന്റെ നേര്‍ ചിത്രം പരമാവധി സത്യസന്ധതയോടെ വിവരിക്കാനാണ് ആല്‍ബര്‍ട്ടോ ശ്രമിച്ചിട്ടുള്ളത്.
നിരപരാധിയായ മാനുവല്‍ സ്വന്തം കമ്പനിയിലെ ഉടമസ്ഥരുടെ ഗൂഢാലോചനയുടെ ഫലമായാണ് ജയിലില്‍ എത്തിയത്. അവിടെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന പിനോയുടെയും മറ്റൊരു തടവുകാരന്‍ ബ്ലാക്കിയുടെയും കൂടെ ചേരുന്നു. നീചമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് സാക്ഷിയും ഇരയുമാകുന്ന മാനുവല്‍ പിന്നീട് ജയിലില്‍ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ തീരുമാനിക്കുന്നു. സംഘടനയുടെ പിന്‍ബലത്തില്‍ മാത്രമല്ല തദ്ദേശവാസികളുടെ കൂടി പിന്തുണയോടെ നടക്കുന്ന കലാപമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഓരോ സീനുകളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്താണ് സിനിമ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അനാവശ്യമായ വിശകലനങ്ങളോ വലിച്ചു നീട്ടലുകളോ ഒന്നും തന്നെ സിനിമയിലില്ല. യാഥാര്‍ത്ഥ്യത്തിന്റെ കൃത്യതയോടുള്ള മനോഹരമായ ഈ ദൃശ്യാവിഷ്‌കാരം ഒരിക്കല്‍ പോലും ഒരു ഡോക്യുമെന്ററി തലത്തിലേയ്ക്ക് വീഴുന്നുമില്ല. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ആദ്യ പ്രദര്‍ശനം കഴിഞ്ഞതോടെ പ്രിസന്‍ 77 എത്തിയിരിക്കുന്നത്.
14ന് കൈരളിയില്‍ വൈകുന്നേരം മൂന്നിനാണ് പ്രിസന്‍ 77 ന്റെ രണ്ടാമത്തേതും അവസാനത്തേതുമായ പുനഃപ്രദര്‍ശനം.
Discussion about this post