കോട്ടയം: കോട്ടയത്ത് മൂന്നിലവ് റൂട്ടില്‍ കൂട്ടക്കല്ലില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ബസ് മറിഞ്ഞ് അപകടമുണ്ടായെങ്കിലും വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഏവരും. ബസില്‍ ആളുകള്‍ കുറവായിരുന്നതും എതിരെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നതിനുമൊപ്പം, ബസ് മണ്‍തിട്ടയിലിടിപ്പിച്ച് നിര്‍ത്താനായതും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുകയായിരുന്നു.
ഈരാറ്റുപേട്ടയില്‍ നിന്നും പ്ലാശനാല്‍ വലിയകാവുംപുറം വഴി മൂന്നിലവ് ചൊവ്വൂരിലേയ്ക്ക് പോയ കുഴിത്തോട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടക്കല്ലിന് സമീപം വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. മുന്നിലെ കൊടുംവളവും താഴ്ചയും കണക്കാക്കി ബസ് ഡ്രൈവര്‍ വിജയന് ബസ് മണ്‍തിട്ടയോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തിട്ടയില്‍ കയറിയ വാഹനം റോഡില്‍ മറിയുകയായിരുന്നു.
ബസിനടക്ക് ഈ സമയം ആള് കുറവായിരുന്നത് രക്ഷയായി. ഡ്രൈവറും കണ്ടക്ടറും അടക്കം 7 പേരാണ് അപകടം നടന്നപ്പോള്‍ ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഒരാളെ ഈരാറ്റുപേട്ടയിലും 4 പേരെ പാലാ ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി.
Discussion about this post