ആക്രമണത്തിലും പ്രതിരോധത്തിലും അര്‍ജന്റീനയെ വിറപ്പിച്ച് വിജയം നേടിയ സൗദി അറേബ്യക്ക് പക്ഷേ പോളണ്ടിനെതിരേ എല്ലാ നീക്കങ്ങളും അമ്പേ പാളി. ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികളുമായി കറുത്തശക്തിയാകുമെന്ന് ചിലരെങ്കിലും കരുതിയ സൗദിക്ക് പോളണ്ടിനെതിരേ നേരിടേണ്ടി വന്നത് ഏകപക്ഷീയമായി രണ്ടു ഗോള്‍ തോല്‍വി. കളിയുടെ തുടക്കത്തില്‍ ഒത്തിണക്കത്തോടെ മുന്നേറിയ സൗദിക്ക് പക്ഷേ അധികം വൈകാതെ കളിമികവ് കൈവിട്ടു തുടങ്ങി. അര്‍ജന്റീനയെ വിറപ്പിച്ച ആത്മവിശ്വാസം പ്രകടമായിരുന്നു പോളണ്ടിനെതിരായ കളിയില്‍ സൗദിയുടെ ആദ്യ നിമിഷങ്ങളില്‍. പോളണ്ട് ബോക്സിലേക്ക് പലതവണ സൗദി താരങ്ങള്‍ ഇരച്ചുകയറി. ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളില്‍ പോളണ്ട് പ്രതിരോധം തങ്ങളുടെ പ്രതിഭ പുറത്തെടുത്തു. പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് പോളണ്ട് മെല്ലെ മെല്ലെ നീങ്ങിയപ്പോള്‍ സൗദി താരങ്ങളുടെ ആത്മവിശ്വാസവും മെല്ലെ കെട്ടുതുടങ്ങി. ഈ അവസരം മുതലെടുത്തായിരുന്നു പോളണ്ടിന്റെ ആദ്യ ഗോള്‍.
39ാം മിനിറ്റിലായിരുന്നു പോളണ്ടിന്റെ വക സൗദിക്കുള്ള ആദ്യ പ്രഹരം. സൗദി അറേബ്യയുടെ മിഡ്ഫീല്‍ഡില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് പിയോറ്റര്‍ സെലിന്‍സ്കിക്കു നല്‍കിയത് പോളണ്ട് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി. പന്തടക്കത്തോടെ പിയോറ്റര്‍ സെലിന്‍സ്കി തൊടുത്ത ഷോട്ട് അനായാസം ലക്ഷ്യം കണ്ടു. എന്നാല്‍, പോളണ്ട് പ്രഹരത്തിന് കൃത്യം അഞ്ചു മിനിറ്റിനു ശേഷം മത്സരം സമനിലയിലേക്ക് നയിക്കാനുള്ള സുവര്ണാവരമായിരുന്നു സൗദിക്ക് വന്നു ചേര്‍ന്നത്.
44ാം മിനിറ്റില്‍ സൗദി താരം അല്‍ ഷെഹ്രിയെ പോളിഷ് താരം ക്രിസ്റ്റ്യന്‍ ബെയ്ലിക് ഫൗള്‍ ചെയ്തതിന് സൗദി അറേബ്യയ്ക്കു പെനല്‍റ്റി ലഭിക്കുകയാരിന്നു. പോസ്റ്റിന് വലതുവശത്തേക്കുള്ള അല്‍ ദാവരിയുടെ ഷോട്ട് കൃത്യമായി മുന്‍കൂട്ടി കണ്ട് ചാടിയ പോളിഷ് ഗോളി വോജെച് സെസ്നി തടുത്തിട്ടു. റീബൗണ്ടില്‍ മുഹമ്മദ് അല്‍ ബ്രെയ്കിന്റെ ഗോള്‍ ശ്രമവും ലക്ഷ്യം കണ്ടില്ല.
പോളണ്ടിന്റെ രണ്ടാം ഗോളാകട്ടെ സൗദി പ്രതിരോധം താലത്തില്‍ വച്ചു നല്കിയ സമ്മാനമായിരുന്നു. 81-ാം മിനിറ്റില്‍ സൗദി താരം അല്‍ മാലിക്കിയുടെ വലിയ പിഴവിലായിരുന്നു ആ ഗോള്‍. സൗദി ഗോളി നല്കിയ പന്തുമായി മുന്നേറുന്നതിനിടെ അലക്ഷ്യമായി പന്തു കൈകാര്യം ചെയ്ത അല്‍ മാലിക്കിയില്‍നിന്ന് പന്ത് തട്ടിയെടുത്ത് പോളണ്ട് ക്യാപ്റ്റന്‍ ലെവന്‍ഡോവ്സ്കി അനായാസം പന്ത് വലയിലെത്തിച്ചു. ആര്‍ജന്റീനയെ ദിവസങ്ങള്‍ക്കു മുന്‍പ് മുള്‍മുനയില്‍ നിര്‍ത്തിയ സൗദി നിരയുടെ നിഴല്‍ പോലെയായി ഇന്നലെ പോളണ്ടിനെതിരായ സൗദി ടീം. മെക്സിക്കോയോട് ഗോള്‍രഹിത സമനില വഴങ്ങിയ പോളണ്ട് ഈ ജയത്തോടെ നാലു പോയിന്റുമായി സി ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഇനി അര്‍ജന്റീനയെ ആണ് പോളണ്ട് നേരിടേണ്ടത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഗ്രൂപ്പ് ചാപ്യംന്‍മാരായ അനായാസം പോളണ്ട് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് സ്വന്തമാക്കും.
Discussion about this post