ദോഹ: ഫുട്ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നിലേറെ മത്സരങ്ങള്‍ തോറ്റ ആദ്യ ആതിഥേയ രാജ്യം എന്ന അപഖ്യാതി ഖത്തറിന്. ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ഖത്തര്‍ ഇന്ന് സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും തോല്‍വി രുചിക്കുകയായിരുന്നു. 29-ാം തിയതി നെതര്‍ലന്‍ഡ്സിന് എതിരെയാണ് ഖത്തറിന്റെ അവസാന ഗ്രൂപ്പ് മത്സരം. തുടര്‍ തോല്‍വികളോടെ ഖത്തറിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യത തുലാസിലായി.
അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഖത്തറിന് മേല്‍ കരുത്തുകാട്ടുകയായിരുന്നു സെനഗല്‍. ആദ്യ മത്സരത്തില്‍ വിറപ്പിച്ച ശേഷം നെതര്‍ലന്‍ഡ്സിനോട് 2-0ന്റെ തോല്‍വി വഴങ്ങിയ സെനഗല്‍ ടീം ഖത്തറിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുത്തു. ഖത്തറിനെ തോല്‍പ്പിച്ച് സെനഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെനഗലിന്റെ ജയം. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരാണ് സെനഗലിന്റെ ഗോളുകള്‍ നേടിയത്. മുഹമ്മദ് മുന്താരിയുടെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസഗോള്‍. ഇതോടെ ആതിഥേയരായ ഖത്തര്‍ പുറത്തേക്കുള്ള വക്കിലായി.
Discussion about this post