കൊച്ചി: 19കാരിയായ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ തെളിവെടുപ്പ് വ്യാഴാഴ്ചയും നടക്കും. കേസില്‍ പ്രതിയായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാമ്പയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോള്‍, പ്രതികള്‍ പലതവണ തമ്മില്‍ ആശയവിനിമയം നടത്തിയതായി കണ്ടെത്തി. ഡിംപിളടക്കം എല്ലാപ്രതികള്‍ക്കും കേസില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഡിംപിള്‍ ലാമ്പ, വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, ടി.ആര്‍. സുദീപ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. സൗത്ത് പോലീസ് ഇവരെ എറണാകുളത്തെ ബാറില്‍ എത്തിച്ച് തെളിവെടുത്തു. പീഡനത്തിനിരയായ പെണ്‍കുട്ടി ഡിംപിളിനൊപ്പം എത്തിയത് ഈ ബാറിലായിരുന്നു. മദ്യപാനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാക്കനാട്ടുള്ള താമസ സ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞാണ് പ്രതികള്‍ കാറില്‍ കയറ്റിയത്.
https://youtu.be/BDyFjPam3Vk
കടവന്ത്ര, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേസിലുള്‍പ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ക്കെതിരേ മറ്റു കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
ലഹരികച്ചവടക്കാരുമായുള്ള ബന്ധമടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബാറില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ബാറിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബുധനാഴ്ച പരിശോധന നടത്തും. മോഡലുമായി വാഹനം സഞ്ചരിച്ച വഴികളിലും തെളിവെടുപ്പ് നടത്തിയേക്കും. സംഭവത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.
Discussion about this post