കോഴിക്കോട് : ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി. ഹൈക്കമാന്റിന് കത്തയച്ചു. രാഹുൽ ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ എന്നിവർക്കാണ് കത്തയച്ചത്.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ് പിൻവാങ്ങിയത് വലിയ വിവാദമായിരുന്നു. കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്നായിരുന്നു പിന്മാറ്റം. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറിയതെന്നാണ് ആരോപണമുയർന്നത്. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, ഇവർ പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടനയായ ജവഹർ ഫൗണ്ടേഷൻ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
വിഭാഗീയ പ്രവർത്തനമെന്ന വിമർശനത്തിനിടെ ശശി തരൂരിന്റെ മലബാർ പര്യടനം തുടരുകയാണ്. യൂത്ത് കോൺഗ്രസ് തീരുമാനത്തിനെതിരെ നേരത്തെ എം.കെ. രാഘവൻ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. വിഷയത്തിൽ അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തരൂരിനുള്ള വിലക്കിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. വിലക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരണം. വിഷയം വരും നാളുകളിൽ സംസ്ഥാന കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Discussion about this post