അല്‍ റയാന്: യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായി കളിക്കളത്തില്‍ കുഴഞ്ഞുവീണ് ആരാധാകരെ കണ്ണീരണിയിച്ച ഒരു കളിക്കാരന് ഉണ്ടായിരുന്നു. ഡെന്മാര്ക്കിന്റെ മിന്നും താരം ക്രിസ്റ്റ്യന്‍ എറിക്സണ്. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകരുടെ പ്രാര്‍ത്ഥന ഫലം കണ്ടിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ടൂണ്യഷ്യക്കെതിരേ ആദ്യമത്സരത്തിന് ഡെന്മാര്ക്ക് ഇറങ്ങുമ്പോഴും ആരാധകരുടെ ഹൃദയമിടപ്പും ഈ കളിക്കാരന് ആയിരുന്നു, ക്രിസ്റ്റ്യന്‍ എറിക്സണ്. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഡെന്മാര്ക്കിന് പക്ഷേ ഇന്ന് നിരാശയുടെ രാത്രിയായിരുന്നു. ലോക റാങ്കില്‍ പത്താം സ്ഥാനക്കാരായ ഡെന്മാര്ക്കിനെ മുപ്പതാം സ്ഥാനക്കാരായ ടൂണിഷ്യ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞു മുറുക്കുകായായിരുന്നു. കളി അവസാനിക്കുമ്പോള്‍ ഗോള്‍ രഹിത സമനില എന്ന ഫലം ടുണീഷ്യയെ സംബന്ധിച്ച് വിജയതുല്യം തന്നെയായിരുന്നു.
ലോകകപ്പിന് മുന്‍പ് ഡെന്മാര്ക്ക് പരിശീകന് കാസ്പെര്‍ ഹുല്‍മണ്ടിന്റെ വാക്കുകകള്‍ ഇതായിരുന്നു-
‘കറുത്ത കുതിരകളാകാന്‍ മാത്രമല്ല ഞങ്ങളുടെ വരവ്. ഈ നിര അതിനും അപ്പുറമാണ്. കാത്തിരുന്നോളൂ’-ഡെന്മാര്ക്ക് ടീമിന്റെ കരുത്തില്‍ സംശയം തെല്ലുമില്ല. എന്നാല്‍, ആദ്യ മത്സരത്തില്‍ കറുത്ത കുതിരകള്‍ക്ക് കടിഞ്ഞാണിട്ട് പിടിച്ചു നിര്‍ത്തി ആഫ്രിക്കന്‍ കോണ്‍ഫഡറേഷനിലെ പൊതുവേ ദുര്‍ബലരായ ടുണീഷ്യ.
കരുത്തരായ ഡെന്മാര്ക്കിനെതിരേ മികച്ച പ്രകടനമാണ് ടുണീഷ്യ ആദ്യ പകുതിയില്‍ പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ ടൂണീഷ്യയുടെ ആക്രമണമാണ് കാണാനായത്. തുടര്‍ച്ചയായി ഡെന്മാര്ക്ക് ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറി ടുണീഷ്യന്‍ പട. 11-ാം മിനിറ്റില്‍ ടുണീഷ്യ ഗോളടിച്ചെന്ന് തോന്നിച്ച ഡ്രാഗറുടെ ഷോട്ട് ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. ടുണീഷ്യ പ്രതിരോധതാരം ക്രിസ്റ്റിയന്‍സണിന്റെ ശരീരത്തില്‍ തട്ടിയ പന്ത് ദിശമാറിയതാണ് ഡെന്മാര്ക്കിന് തുണയായത്. 23-ാം മിനിറ്റില്‍ ടുണീഷ്യയ്ക്ക് വേണ്ടി ഇസാം ജെബാലി ലക്ഷ്യം കണ്ടെങ്കിലും അത് ഓഫ് സൈഡായിരുന്നു. ആദ്യത്തെ പതര്‍ച്ച ശേഷം ഡെന്മാര്ക്കും ആക്രമണത്തിലേക്ക് നീങ്ങിയതോടെ മത്സരം ആവേശത്തിലേക്കുയര്‍ന്നു. എന്നാല്‍ ഹോയ്ബര്‍ഗും ഓള്‍സണും എറിക്സണുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ ടുണീഷ്യന്‍ പ്രതിരോധക്കാര്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി. ക്രിസ്റ്റ്യന്‍ എറിക്സണ് അടക്കം ഡെന്മാര്ക്ക് താരങ്ങളുടെ ഗോള്‍വല ലക്ഷ്യമാക്കിയുള്ള പല ഷോട്ടുകളും ടുണീഷ്യന്‍ ഗോളി ഡാഹ്മെന്‍ തട്ടിയകറ്റിയതോടെ ഖത്തര്‍ ലോകകപ്പിന് വിജയത്തോടെ തുടക്കമെന്നത് ഡെന്മാര്ക്കിന് സ്വപ്നമായി മാത്രം അവശേഷിക്കുകയായിരുന്നു.
Discussion about this post