സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായികയാണ് സുധ കൊങ്കര. എയര്‍ ഡെക്കാണ് സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര് ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രം ദേശീയ അവാര്‍ഡും നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായിരുന്നു സുധ കൊങ്കര. ഇപ്പോഴിതാ സുധ കൊങ്കരയുടെ പുതിയൊരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.
പ്രമുഖ വ്യവസായിയായ രത്തന്‍ ടാറ്റയുടെ ജീവിതകഥ പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യാന്‍ സുധ കൊങ്കര ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. രത്തന്‍ ടാറ്റയുടെ ജീവിതത്തെ കുറിച്ച് പുറംലോകത്തിന് ലഭ്യമല്ലാത്ത വിവരങ്ങള്‍ വരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്ന് സുധ കൊങ്കരയുമായി അടുത്ത വാര്‍ത്താവൃത്തങ്ങള്‍ പറയുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ഒരു പ്രചോദനമാണ് രത്തന്‍ ടാറ്റ. അടുത്തവര്‍ഷം ആയിരിക്കും ചിത്രം തുടങ്ങുകയെന്നും ഇവര്‍ പറയുന്നു.
ദേശീയ അവാര്‍ഡ് ജേതാവും മലയാളിയുമായ കീര്‍ത്തി സുരേഷും സുധ കൊങ്കരയും ഒന്നിക്കുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ‘കെജിഎഫി’ന്റെ നിര്‍മാതാക്കളായ ഹോംബാളെയുടെ പുതിയ ചിത്രം സുധ കൊങ്കര സംവിധാനം ചെയ്യുന്നുണ്ട്. കീര്‍ത്തി സുരേഷ് ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്തായാലും കീര്‍ത്തി ആരാധകര്‍ക്ക് ആവേശം പകരുന്ന ഒരു വാര്‍ത്തയാണ് ഇത്.
Discussion about this post