കോട്ടയം: ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡി.എന്‍.എ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. രണ്ട് ദിവസത്തിന് ശേഷമായിരിക്കും റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുക. കൊലപാതകമറിഞ്ഞ് പത്മയുടെ മകന്‍ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ കൊച്ചിയിലെത്തിയിരുന്നു.
മൃതദേഹം വിട്ടു കിട്ടാന്‍ വൈകുന്നതിനെതിരെ ഇവര്‍ മുഖ്യമന്ത്രിക്കും പൊലീസിനും പരാതിയും നല്‍കിയിരുന്നു. മൃതദേഹാവിശിഷ്ടങ്ങള്‍ ഇന്ന് തന്നെ ധര്‍മപുരിയില്‍ കൊണ്ടുപോകുമെന്നും വൈകീട്ടാണ് സംസ്‌കാരമെന്നും പത്മയുടെ മകന്‍ സെല്‍വരാജ് പറഞ്ഞു. റോസിലിയെ ജൂണ്‍ 8നും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികള്‍.
ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവല്‍ സിംഗിന്റെ വീട്ടില്‍വെച്ച് ഇവര്‍ മൂവരും ചേര്‍ന്ന് പൈശാചികമായി കൊലപ്പെടുത്തിയത് . ഇരട്ടനരബലിയില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസില്‍ തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ മൂന്നാം പ്രതിയായ ലൈല ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹര്‍ജ്ജി തള്ളിയിരുന്നു.
https://youtu.be/PruoEz9s3lE
Discussion about this post