പത്തനംതിട്ട: ളാഹയ്ക്ക് സമീപം ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം. അതിവേഗത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ബസിലുണ്ടായിരുന്ന 44 തീര്‍ഥാടകരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റ എട്ടുവയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
18 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും ബാക്കി ഉള്ളവരെ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും മാറ്റി. എല്ലാവര്‍ക്കും പ്രഥമശുശ്രൂഷ ലഭ്യമാക്കി. ഇന്നു രാവിലെയായിരുന്നു അപകടം.
https://youtu.be/TCbWMnG-zyE
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനും തീര്‍ഥാടകരുടെ തുടര്‍ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്തു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
പൊലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, പൊലീസ് സ്‌പെഷല്‍ ഓഫീസര്‍ ഹേമലത, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Discussion about this post