കണ്ണൂര്‍: സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നടത്തിയ സിപിഎം അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എംപി. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ ചട്ടങ്ങള്‍ മറികടന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയാ വര്‍ഗീസിനെ അസോ. പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്നും നിയമന പട്ടിക പുനഃപരിശോധിക്കണം എന്നുമുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്.
സ്വജനപക്ഷപാതം ബോധ്യപ്പെട്ട ഗവര്‍ണ്ണര്‍ പ്രിയയുടെ നിയമന നടപടികള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പരസ്യപിന്തുണയാണ് മുഖ്യമന്ത്രിയും സിപിഎമ്മും പ്രഖ്യാപിച്ചത്. ഓര്‍ഡിന്‍സിലൂടെയും ബില്ലിലൂടെയും വൈസ് ചാന്‍സലര്‍ പദവി ഗവര്‍ണ്ണറില്‍ നിന്ന് നീക്കം ചെയ്യാനുള്ള കുത്സിത നീക്കം എല്‍ഡിഎഫും സിപിഎമ്മും നടത്തുന്നത് ഇത്തരം പിന്‍വാതില്‍ നിയമനത്തിലൂടെ സഖാക്കളുടെ ബന്ധുമിത്രാദികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് വേണ്ടിയാണെന്നും ഹൈക്കോടതിയുടേത് സഖാക്കള്‍ക്കായുള്ള തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധിയാണെന്നും സുധാകരന് പറഞ്ഞു.
Discussion about this post