കോഴിക്കോട്: കേരളത്തിലെ ഒരു സ്കൂളിലെ അച്ചടക്ക നടപടി ഒടുവില്‍ സുപ്രീം കോടതിയില്‍ തീര്‍പ്പായി, അതും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. 2009 -ലാണ് കോഴിക്കോട് ജില്ലയിലെ നരിക്കുനി എ യു പി സ്കൂളിലെ കായിക അധ്യാപകനായ വി കെ ബി സന്ദീപിനെ അച്ചടക്ക നടപടിയുടെ പേരില്‍ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്യുന്നത്. പിന്നാലെ സസ്പെന്ഷന് കാലയളവില്‍ അധ്യാപകന് ഗുരുതരമായ അച്ചടക്കം ലംഘനം കാട്ടിയെന്ന് ആരോപിച്ച് സ്കൂള്‍ മാനേജര്‍ പിരിച്ചുവിടാന്‍ തീരുമാനം എടുത്തു. എന്നാല്‍ ഈ നടപടിക്കെതിരെ അധ്യാപകന് ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി താല്കാലികമായി അച്ചടക്ക നടപടി സ്റ്റേ ചെയ്തു. നിയമവ്യവഹാരങ്ങള്‍ വീണ്ടും നീണ്ടതോടെ പതിമൂന്ന് വര്‍ഷത്തോളം അധ്യാപകന് സര്‍വീസിന് പുറത്ത് തന്നെ നില്ക്കേണ്ടിവന്നു. ഇതിനിടെ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും നടന്നു. എന്നാല്‍, ഒരു എയിഡഡ് സ്കൂള്‍ മാനേജ്മെന്റിന് ഒരു അധ്യാപകനെ നേരിട്ട് പിരിച്ചു വിടാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഒടുവില്‍ സുപ്രീം കോടതിയുടെ പടികയറിയത്.
2019 -ല്‍ സുപ്രീം കോടതിയില്‍ എത്തിയ കേസില്‍ വാദം കേട്ടെങ്കിലും പിന്നീട് പല കുറി നീണ്ടു പോയി. കൊവിഡ് കാരണം വൈകുകയും ചെയ്തു. ഒടുവില്‍ ജഡ്ജിമാരായ സഞ്ജയ് കിഷന് കൌള്‍, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ കേസ് എത്തി. കേസ് പരിഗണിച്ച കോടതി എന്ത് കാരണങ്ങളുടെ പേരിലും ഒരാളെ പതിമൂന്ന് വര്‍ഷം സസ്പെന്‍ഷനില്‍ നിര്‍ത്താനാകില്ലെന്ന് വ്യക്തമാക്കി. നാല്പതാമത്തെ വയസില്‍ സസ്പെന്‍ഷനിലായ അധ്യാപകന് ഇനി ചുരുങ്ങിയ കാലം മാത്രമാണ് ഉള്ളതെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഈ സ്ഥതി തുടരാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി അധ്യാപകനെ തിരിച്ചെടുക്കാനും മൂന്ന് മാസത്തിനുള്ളില്‍ സ്കൂള്‍ മാനേജര്‍, വിദ്യാഭ്യാസ വകുപ്പിന് നല്കിയ പുനപരിശോധനാ അപേക്ഷയില്‍ തീര്‍പ്പുണ്ടാക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ശമ്പള കുടിശ്ശികയിലും മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജിക്കാരാനായി അഭിഭാഷകന് ശരത് എസ് ജനാര്‍ദ്ദനും, സ്കൂള്‍ മാനേജര്‍ക്കായി അഭിഭാഷകന് കെ രാജീവ് ഹാജരായി. സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന് ശങ്കര്‍, ആലിം അന്‍വര്‍ എന്നിവരും ഹാജരായി.
Discussion about this post