ലഹോര്‍: ട്വന്റി 20 ലോകകപ്പിലെ സെമി പോരാട്ടില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ ട്രോളുമായി പാകിസ്ഥാന് പ്രധാനമന്ത്രി. ഇന്ത്യന്‍ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് തോല്‍വികള്‍ പരാമര്‍ശിച്ച് കൊണ്ടാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ ട്വീറ്റ്. ഈ ഞായറാഴ്ച ട്വന്റി 20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ 152/0 vs 170/0 എന്നിവര്‍ ഏറ്റുമുട്ടുമെന്നാണ് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ഇന്ത്യയുടെ രണ്ട് പരാജയങ്ങളാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത് പത്തു വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പാക് നായകന് ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തപ്പോള്‍ ഇന്ത്യ തലകുനിച്ച് മടങ്ങുകയായിരുന്നു. 152/0 എന്നതായിരുന്നു അന്നത്തെ പാകിസ്ഥാന്റെ സ്കോര്‍.
ഇപ്പോള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചതും പത്ത് വിക്കറ്റിനാണ്. 170/0 എന്നതാണ് മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാന്റെയും ഇത്തവണ ഇംഗ്ലണ്ടിന്റെയും മുന്നില്‍ ഇന്ത്യ ഏറ്റുവാങ്ങിയ പരാജയത്തിന്റെ സ്കോര്‍ ട്വീറ്റ് ചെയ്താണ് പാക് പ്രധാനമന്ത്രിയുടെ പരിഹാസം. അതേസമയം, ഇന്നത്തെ 10 വിക്കറ്റ് തോല്‍വിയോടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ 10 വിക്കറ്റ് തോല്‍വി വഴങ്ങുന്ന ഒരേയൊരു ടീമായി ഇന്ത്യ മാറി.
Discussion about this post