ഡല്‍ഹി: ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ നിന്ന് പുറത്തെത്തിച്ച 15 ജീവനക്കാരെയും തടവുകേന്ദ്രത്തിലേക്ക് മാറ്റിയതായി വിവരം. ഇവരെ താമസിപ്പിച്ച ഹോട്ടലിലേക്കു തിരികെയെത്തിച്ചെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാല്‍ കപ്പലില്‍ നിന്ന് പുറത്തെത്തിച്ച സംഘത്തെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് കൊല്ലം സ്വദേശി വിജിത് വി.നായര്‍ പറഞ്ഞു. സൈനികര്‍ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുന്നതായും വിജിത് പറഞ്ഞു.
അതിനിടെ, കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞിരുന്നു. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്റെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ കപ്പലിലേക്ക് തിരികെയെത്തിച്ചു. ഇതിനു പിന്നാലെയാണ് കപ്പലിലെ ജീവനക്കാരായ മലയാളികള്‍ അടക്കമുള്ള 15 പേരെ തടവിലേക്ക് മാറ്റുന്നത്.സര്‍ക്കാര്‍ ഇടപെടല്‍ നിമിത്തം തന്നെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടഞ്ഞതായി സനു ജോസ് പറഞ്ഞു.
വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയവും എംബസിയും ഫലപ്രദമായി ഇടപെട്ടു. നാട്ടിലെത്തിയാല്‍ മാത്രമേ സമാധാനമാകൂവെന്നും സനു ജോസ് പറഞ്ഞു.സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോയെന്നായിരുന്നു ആദ്യ വിവരം. ഈ നീക്കമാണ് തടഞ്ഞത്. മറ്റുള്ളവരെയും ഉടന്‍ നൈജീരിയയ്ക്ക് കൈമാറുമെന്നും സൂചനയുണ്ടായിരുന്നു. തടവിലാക്കപ്പെട്ട 26 നാവികരിലുള്‍പ്പെട്ടത് മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരാണ്.
Discussion about this post