തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതികരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്ക് വിശദീകരണം നൽകി.
കത്ത് വ്യാജമാണെന്നാണ് മേയർ പാർട്ടിയോട് വ്യക്തമാക്കിയതെന്ന് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. രാജിയാവശ്യം സിപിഎം അംഗീകരിക്കുന്നില്ലെന്ന് അറിയിച്ച ആനാവൂർ, മേയറെ പരോക്ഷമായി സംരക്ഷിക്കുന്ന നിലപാടാണ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ സ്വീകരിച്ചത്.
കത്ത് വ്യാജമാണോ ഒറിജിനലാണോയെന്ന ചോദ്യത്തിന് അദ്ദേഹം ‘അറിയില്ല’ എന്ന മറുപടിയാണ് നൽകിയത്. വ്യാജമാണെന്ന മേയറുടെ വാദം ഏറ്റുപിടിക്കാൻ സിപിഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഇത്തരമൊരു സംഭവമുണ്ടായത് ഗൗരവത്തോടെ കാണുന്നു, വിശദമായ അന്വേഷണം നടത്തും, അതിന് ശേഷം നിയമനടപടികളിലേക്ക് കടക്കും.
ആര്യാ രാജേന്ദ്രനെ മേയറായി തിരഞ്ഞെടുത്തത് പ്രതിപക്ഷമല്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ രാജിയാവശ്യം അംഗീകരിക്കാൻ സിപിഎമ്മിന് കഴിയില്ലെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.
മേയറുടെ പേരിൽ വന്ന കത്തും ഡി.ആർ അനിൽ അയച്ചതായി പറയുന്ന കത്തും തനിക്ക് കിട്ടിയിട്ടില്ല. കത്ത് ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞ അദ്ദേഹം മേയർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൂടി പറയാൻ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഒഴിവുള്ള തസ്തികകളിലേക്ക് പാർട്ടിക്കാരെ എടുക്കാനുള്ള ലിസ്റ്റ് ആവശ്യപ്പെട്ട് തങ്ങളുടെ മുന്നിലേക്ക് ഒരു ശുപാർശ വന്നിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. അതേസമയം കത്ത് വ്യാജമാണെന്ന് പറയുന്ന ആര്യാ രാജേന്ദ്രൻ ഇന്ന് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post