തിരുവനന്തപുരം: പാറശാല മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിന്റെ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്താനും അതിനു ശേഷം തെളിവു നശിപ്പിക്കാനും ഗ്രീഷ്മയ്ക്ക് അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും സഹായം ലഭിച്ചെന്ന് പൊലീസിന്റെ കണ്ടെത്തൽ. പങ്കു വ്യക്തമായതിനെ തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകക്കേസിൽ ഇതോടെ പ്രതികളുടെ എണ്ണം മൂന്നായി. ഷാരോണിനു കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്ന് പൊലീസ് പറയുന്നു. വിഷം നൽകിയതിനെക്കുറിച്ച് അമ്മയുൾപ്പെടെ ആർക്കും അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നു വ്യക്തമായത്.
ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെടുത്തുന്നതിനു തൊട്ടുമുൻപ് ഇരുവരും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം തെറ്റിയെന്ന് മനസിലായി. എന്നാൽ, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്.
ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും, അമ്മാവൻ അതെടുത്തു മാറ്റിയെന്നുമാണ് ഗ്രീഷ്മ മൊഴി നൽകിയത്.
Discussion about this post