തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും പ്രതിചേര്‍ത്തു. അമ്മ സിന്ധു, അമ്മാവന് നിര്‍മ്മല്‍ കുമാര്‍ എന്നിവരെയാണ് ജില്ലാ ക്രൈബ്രാഞ്ച് പ്രതിചേര്‍ത്തത്. ഇരുവരും നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
അമ്മയും അമ്മാവനും ചേര്‍ന്നാണ് തെളിവ് നശിപ്പിച്ചെതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഷാരോണിന് വിഷം കലര്‍ത്തിയ കഷായം നല്കി എന്ന കാര്യം ഗ്രീഷ്മ അമ്മയോടും അമ്മാവനോടും പറഞ്ഞതായാണ് വിവരം. തുടര്‍ന്ന് കഷായ പാത്രമടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചു. വീടിനടുത്തുള്ള കാട്ടില്‍ ഇവ നശിപ്പിച്ചുവെന്നാണ് അമ്മയുടെയും അമ്മാവന്റെയും മൊഴി.
യുവാവിന്റെ മരണത്തില്‍ ഇന്നലെയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോണ്‍ വെട്ടുകാട് പള്ളിയില്‍ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്. ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയില്‍ നിന്ന് ഷാരോണ്‍ നടത്തിയ വാട്സാപ്പ് ചാറ്റിലുമുണ്ടായിരുന്നു അടിമുടി ദുരൂഹത.
Discussion about this post