തിരുവനന്തപുരം:’എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുന്നു. നാലുവര്‍ഷം കൊണ്ട് സംസ്ഥാനം പൂര്‍ണ്ണമായും ഡിജിറ്റലായി സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ സൂക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ ടാഗോര്‍ ടിയറ്ററില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഡിജിറ്റല്‍ റീസര്‍വെയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വെ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ സര്‍വെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമതയിലും നടപ്പിലാക്കുന്നതിന് വകുപ്പിലെ ജീവനക്കാര്‍ക്ക് പുറമെ 1500 സര്‍വെയര്‍മാരെയും 3200 ഹെല്‍പ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. പദ്ധതിയുടെ ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 400 വില്ലേജുകള്‍ വീതവും, നാലാം വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്ത് 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കും. സംസ്ഥാനത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് 28 കോര്‍ സ്റ്റേഷനുകളാണ് ആവശ്യമായിട്ടുള്ളത്.
1966-ല്‍ റീസര്‍വെ നടപടികള്‍ കേരളത്തില്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തികരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സര്‍വെ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്റെ ഭൂമി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ 70 ശതമാനം സ്ഥലങ്ങളില്‍ ആര്.റ്റി.കെ. റോവര്‍ മെഷീന്റെ സഹായത്താലും,സാറ്റലൈറ്റ് സിഗ്നലുകള്‍ ലഭ്യമല്ലാത്ത 20 ശതമാനം സ്ഥലങ്ങളില്‍ റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന് മെഷീനുകളും, തുറസ്സായ 10 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തും. സര്‍വെയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ഒരുക്കും. സര്‍വെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പൊതുജനങ്ങളെ ഉള്‍പ്പെടുത്തും.
Discussion about this post