ന്യൂഡൽഹി: വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ഗവർണർ പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം പിടിച്ചെടുക്കാനും നീക്കം നടക്കുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ഗവർണറുടെ നടപടി നിയമപരമായി ചോദ്യം ചെയ്യുമെന്നും നടപടിക്ക് പിന്നിൽ ഹിന്ദുത്വ അജൻഡയാണെന്നും സീതാറാം യച്ചൂരി പറഞ്ഞു. സുപ്രീം കോടതി വിധി ഒരു കേസിൽ മാത്രമാണെന്നും യച്ചൂരി പ്രതികരിച്ചു.
സാങ്കേതിക സർവകലാശാലാ വിസി ഡോ. എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത്. ഗവർണറുടെ നടപടി അസ്വാഭാവികമാണെന്നും, ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഒൻപത് സർവകലാശാലകളുടെയും നിയമന അധികാരി ഗവർണറാണ്. നിയമനം ചട്ടവിരുദ്ധമെങ്കിൽ അതിനു ഉത്തരവാദി ഗവർണർ തന്നയാണെന്നും ആദ്യം ഒഴിയേണ്ടത് വിസിമാരാണോയെന്ന് ഗവർണര്‍ ചിന്തിക്കണമെന്നും പിണറായി വിജയൻ തുറന്നടിച്ചിരുന്നു.
Discussion about this post