കൊച്ചി: നിയമപ്രകാരം നീക്കം ചെയ്യപ്പെടുന്നതുവരെ വി.സിമാര്‍ക്ക് പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി. രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ നോട്ടിസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് വിധി. കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതോടെ ഉടന്‍ രാജിവയ്ക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു.
വിശദീകരണം നല്‍കാനും വിസിമാരുടെ ഭാഗം കേള്‍ക്കാനുമായി 10 ദിവസത്തെ സാവകാശം കാരണം കാണിക്കല്‍ നോട്ടിസില്‍ നല്‍കിയിട്ടുണ്ട്. വിസിമാര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ഗവര്‍ണര്‍ കേള്‍ക്കണം. വിശദീകരണം കേള്‍ക്കാതെ കടുത്ത നടപടി എടുക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം ചാന്‍സലര്‍ക്ക് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു. നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാന്‍ സാധിക്കൂവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇതോടെ ചാന്‍സലറായ ഗവര്‍ണര്‍ പുതിയ തീരുമാനം എടുക്കുന്നതുവരെ 9 വി.സിമാര്‍ക്കും തല്‍സ്ഥാനത്ത് തുടരാം. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വി.സി മാര്‍ പാലിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിസി നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം. സാങ്കേതിക സർവകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി പറഞ്ഞു. ആ വിധി ബാധകമാണെങ്കിൽ, വിസിമാർക്ക് ഒക്ടോബർ 24 വരെ സമയം നൽകിയ ഗവർണർ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാൻസലറാണ്, എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.
നിയമനം അസാധുവാണെന്ന് ചാൻസലർക്ക് തോന്നിയാൽ, നിങ്ങളെ നീക്കം ചെയ്യാൻ അദ്ദേഹത്തിന് അധികാരമുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതിനുള്ള അധികാരമില്ലെന്ന് വിസിമാർ മറുപടി നൽകി. അഡ്മിനിസ്ട്രേറ്റീവ് നിയമത്തിൽ, സാധുവായ ഉത്തരവുകളൊന്നുമില്ല. ഒന്നുകില്‍ നിയമനം ചോദ്യം ചെയ്യപ്പെടണം. അല്ലെങ്കില്‍ കോടതി ഇടപെടണം. നിയമപ്രകാരം മാത്രമേ ചാൻസലർക്ക് നടപടി എടുക്കാൻ സാധിക്കൂ. അല്ലാതെ നീക്കം ചെയ്യാനാകില്ലെന്നും വിസിമാർ വ്യക്തമാക്കി.
ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് ചേർന്നാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്. തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിമാര്‍ ഹർജി നൽകിയത്. ഗവർണറുടെ നോട്ടിസ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വിസിമാർ നൽകിയ ഹർജിയിൽ പറയുന്നു. ‘‘രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ നോട്ടിസ് സ്റ്റേ ചെയ്യണം. ഗവർണറുടെ നിർദേശത്തിന് ആധാരമായ രേഖകൾ വിളിച്ചുവരുത്തണം. വിസിമാരുടെ പ്രവർത്തനങ്ങളിൽ ഗവർണർ ഇടപെടുന്നത് തടയണം. വിസിമാരുടെ രാജി ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കണം’’– എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്), എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവടങ്ങളിലെ വിസിമാർക്കാണ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ അടിയന്തര നിർദേശം നൽകിയത്.
സാങ്കേതിക സർവകലാശാല വിസി ഡോ. എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചായിരുന്നു ഗവർണറുടെ ഉത്തരവ്. സാങ്കേതിക സർവകലാശാലയ്ക്കു പുറമേ 5 സർവകലാശാലകളിലെ വിസിമാരെയും നിയമിച്ചത് പാനൽ ഇല്ലാതെയാണ്. മറ്റുള്ളവരുടെ നിയമനത്തിന് പാനൽ ഉണ്ടായിരുന്നെങ്കിലും സേർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായി ഗവർണറുടെ ഉത്തരവിൽ പറയുന്നു.
എന്നാൽ, രാജി വയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ഒന്‍പത് വിസിമാര്‍ തള്ളിയിരുന്നു. ഒൻപതുപേരും ഇന്നു രാജിവച്ചില്ല. എന്നാൽ ആറു വിസിമാർ നിയമനടപടി സ്വീകരിക്കുമെന്ന് ഗവർണർക്ക് രേഖാമൂലം മറുപടി നൽകി. എംജി, കുഫേസ്, കെടിയു ഒഴികെയുള്ള വിസിമാരാണ് മറുപടി നൽകിയത്. ഗവര്‍ണറുടെ നിർദേശത്തിന് മറുപടി നല്കാന് നിയമവിദഗ്ധരെ കാണാൻ എംജി, കാലിക്കറ്റ്, കണ്ണൂര്‍ വിസിമാർ കൊച്ചിയിലെത്തിയിരുന്നു.
Discussion about this post