മെൽബൺ: അത്ഭുതകരമായ പ്രകടനം. സമകാലീന ക്രിക്കറ്റിലെ മാന്ത്രികൻ താനാണെന്ന് തെളിയിച്ച വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സിൽ പിടിച്ചു തുങ്ങി പാകിസ്ഥാനെ മലർത്തിയടിച്ച് ഇന്ത്യ. നാല് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. 160 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യ നാല് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ വിജയത്തിലെത്തുകയായിരുന്നു. 53 പന്തിൽ പുറത്താകാതെ 82 റൺസെടുത്ത വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്. ഹർദിക് പാണ്ഡ്യ 40 റൺസെടുത്ത് പുറത്തായി. ഒരു ഘട്ടത്തിൽ നാലിന് 31 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ വിരാട് കോഹ്ലിയും ഹാർദ്ദിക്കും ചേർന്നാണ് വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിച്ചത്. അനിശ്ചിതത്വങ്ങൾ നിറഞ്ഞ മത്സരത്തിൽ കോഹ്ലിയുടെ പോരാട്ടവും ഹാർദ്ദിക് പാണ്ഡ്യ നൽകിയ പിന്തുണയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അപരാജിതനായി പോരാടിയ കോഹ്ലി, പുകൾപെറ്റ് പാക് ബോളിങ് നിരയെ തച്ചുടച്ചു. നാല് സിക്സറും ആറു ഫോറും ഉൾപ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. അഞ്ചാം വിക്കറ്റിൽ കോഹ്ലിയും ഹാർദ്ദികും ചേർന്ന് 113 റൺസാണ് കൂട്ടിച്ചേർത്തത്. പാകിസ്ഥാനുവേണ്ടി ഹാരിസ് റൌഫും മൊഹമ്മദ് നവാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടിന് 159 റൺസെടുക്കുകയായിരുന്നു. പുറത്താകാതെ 52 റൺസെടുത്ത ഷാൻ മസൂദും 51 റൺസെടുത്ത ഇഫ്തിഖർ റഹ്മാനുമാണ് പാക് നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്കുവേണ്ടി അർഷ്ദീപ്, ഹർദ്ദിക് പാണ്ഡ്യ എന്നിവർ മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. നായകൻ ബാബർ അസം നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായി. മറ്റൊരു പ്രധാന താരം മുഹമ്മദ് റിസ്വാൻ വെറും നാല് റൺസെടുത്ത് പുറത്തായി. ഇരുവരെയും അർഷ്ദീപ് സിങാണ് മടക്കിയത്. ബാബറിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അര്‍ഷ്ദീപ് റിസ്വാനെ ഭുവനേശ്വര്‍ കുമാറിന്‍റെ കൈകളിലെത്തിച്ചു.ഇന്നിംഗ്സിലെ നാലാം ഓവറിലെ അവസാന പന്തില്‍ റിസ്വാനെയും അര്‍ഷ്ദീപ് മടക്കി. ബൗണ്‍സര്‍ ഹുക്ക് ചെയ്യാന്‍ ശ്രമിച്ച റിസ്വാന്‍ ഡീപ് ഫൈന്‍ ലെഗില്‍ ഭുവിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. തൊട്ടുമുന്നിലെ പന്തിൽ വിരാട് കോഹ്ലി ഡൈവ് ചെയ്തു പിടികൂടാൻ നടത്തിയ ശ്രമത്തിൽനിന്ന് രക്ഷപെട്ടെങ്കിലും റിസ്വാന് ഏറെ നേരം ക്രീസിൽ തുടരാനായില്ല.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഇഫ്തിഖർ അഹമ്മദും ഷാൻ മസൂദും ചേർന്ന് ഭേദപ്പെട്ട സ്കോറിലേക്ക് പാകിസ്ഥാനെ നയിക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് പിച്ചാണെങ്കിലും മഴ സാധ്യതയും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിച്ചാണ് രോഹിത് പാകിസ്ഥാനെ ബാറ്റിംഗിനയച്ചത്.
Discussion about this post