കോയമ്പത്തൂര്‍: കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ നടന്ന കാര്‍ സ്ഫോടനത്തില്‍ യുവാവ് മരിച്ച സംഭവം ചാവേറാക്രമണമെന്നു സൂചന. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ (25) ആണു മരിച്ചത്. ജമേഷയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. മാത്രമല്ല പൊട്ടിത്തെറിച്ച കാറില്‍ നിന്ന് ആണികളും മാര്‍ബിള്‍ ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. എല്‍പിജി സിലിണ്ടറുകളും കാറില്‍ നിന്ന് കണ്ടെടുത്തു. സ്ഫോടനത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. 2019ല്‍ ജമേഷിനെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ അന്ന് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നില്ല.
ചെക്‌പോസ്റ്റില്‍ പൊലീസിനെ കണ്ടതോടെ ഇയാള്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഒരാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ സംഗമേശ്വര്‍ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെല്‍ട്ടര്‍ ഭാഗികമായി തകര്‍ന്നു. കോയമ്പത്തൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സംഭവം അപകടമാണോ ഗൂഢാലോചനയുടെ ഭാഗമാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വി. ബാലകൃഷ്ണന്‍ അറിയിച്ചു.
Discussion about this post