പാലക്കാട് : ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി. പാലക്കാട് കെഎസ്ഇബി ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചൻസർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയ നടപടി അസ്വഭാവികവും ജനാധിപത്യത്തിന്റെ അന്ത സത്തയെ നിരാകരിക്കുന്നതുമാണ്. സർക്കാരിന്റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ്. ഇത്തരം അമിതാധികാര പ്രവണതകൾ അംഗീകരിക്കാനാവില്ല. സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവി. സർക്കാരിനെതിരായ നീക്കം നടത്താനുമുള്ളതല്ല. ഗവണർ അടിസ്ഥാന മൂല്യങ്ങൾ മറന്നു. കെ.ജി.യു വൈസ്ചാൻസലർ നിയമനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവണറുടെ നീക്കം. അദ്ദേഹം സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നു. അക്കാദമിക് മികവിന്റെ ഉയരങ്ങളിലേക്ക് കുതിക്കുന്ന സവർകലാശാലകളോട് നശീകരണ ബുദ്ധിയോടുള്ള നീക്കമാണ് ഗവർണർ നടത്തുന്നത് . രാഷ്ട്രീയ ലക്ഷ്യമാണ് പിന്നിൽ.
ഗവർണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ്. ഒൻപത് സർവകലാശാലകളുടെയും നിയമന അധികാരി ഗവർണറാണ്. നിയമനം ചട്ടവിരുദ്ധമെങ്കിൽ അതിനു ഉത്തരവാദി ഗവർണർ തന്നെയാണ്. ആദ്യം ഒഴിയേണ്ടത് വിസിമാരോണോയെന്ന് ഗവർണര്‍ ചിന്തിക്കണം. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നു. സർവകലാശാലയുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റം ജനാധിപത്യത്തിന്റെ അന്തസത്ത ഹനിക്കുന്ന നീക്കമാണ്. ചില കാര്യങ്ങൾ നടപ്പാക്കാൻ ഗവർണർ അത്യുത്സാഹം കാണിക്കുന്നു. ഇത്തരത്തിലുള്ള അമിതാധികാര പ്രയോഗം അംഗീകരിക്കാനാവില്ല. സർക്കാരിനെ സമ്മർദത്തിലാക്കാനുള്ളതല്ല ഗവർണർ പദവി.
കെടിയു വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ ഉത്തരവ് സാങ്കേതികം മാത്രമാണ്. അതിൽ അപ്പീൽ സാധ്യതയുണ്ട്. സുപ്രീം കോടതി ഉത്തരവ് മറ്റു വിസിമാർക്ക് ബാധകമല്ല. പൊതുവായ വിധിയല്ല അത്. വിസിയെ നീക്കുന്നതിന് കൃത്യമായി പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. അവരോട് രാജി ആവശ്യപ്പെടാൻ ഗവർണർക്ക് നിയമപരമായി അധികാരമില്ല.
ജുഡീഷ്യറിയിൽ അടക്കം ഇടപെടുന്ന രീതിയാണ് ഗവർണറുടേത്. ബില്ലുകളും ഓർഡിനൻസുകളും ഒപ്പിടാതെ ബോധപൂർവം വൈകിപ്പിക്കുന്നു. അതിലുള്ള പ്രതിഷേധം പരസ്യമാക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി, ഒപ്പിടില്ലെന്ന ഗവർണറുടെ പരസ്യപ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണെന്നും ആരോപിച്ചു. ബില്ലുകൾ ചോദ്യം ചെയ്യാനുള്ള അധികാരം കോടതിക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെ സമ്മർദ്ധത്തിലാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഉത്തരം താങ്ങുന്ന പല്ലിയെപ്പോലാണ് ഗവർണർ.ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചനാധികാരമില്ല. എൽഡി.എഫ് സർക്കാർ നിയമിച്ച എല്ലാ വി.സിമാരും ഒന്നിനൊന്ന് പ്രഗത്ഭമതികളാണ്. ഇവരിരിക്കുന്ന എല്ലാ സർവകലാശാലകളും മെച്ചപ്പെട്ട നിലയിൽ മുന്നോട്ട് പോകുന്നു.കഴിഞ്ഞദിവസം ഗവർണർ സംസാരിക്കുന്നതിനിടെ കേരളത്തിലേക്ക് മറ്റു നിക്ഷേപങ്ങളൊന്നും വരില്ലെന്ന് പറഞ്ഞിരുന്നു. മദ്യവും ലോട്ടറിയുമാണ് പ്രധാന വരുമാനമാർഗമെന്നും പരിഹാസരൂപേണ പറയുകയുണ്ടായി. ഞാനാവർത്തിക്കുന്നു. ഗവർണർ സമൂഹത്തിന്റെ മുന്നിൽ സ്വയം പരിഹാസ്യനാവരുത്.
ഇന്ത്യയിൽ മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യ അഞ്ചിൽ പോലുമില്ല. ഇത് അദ്ദേഹത്തിനറിയില്ലായിരിക്കും. കേരളത്തിന്റെ ബജറ്റ് രേഖ നോക്കിയാലറിയാം, മറ്റ് നികുതികൾ എക്സസൈസ് നികുതിയേക്കാൾ മുന്നിലാണ്. മനുഷ്യ ഉപയോഗത്തിനായുള്ള മദ്യവും അതിന്റെ നികുതി ചുമത്തനാലുള്ള അധികാരവും സംസ്ഥാനങ്ങൾക്കാണ്. അതിന്റെ ചൂണ്ടിക്കാട്ടി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് പലവഴിക്ക് നടക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവർണർ. നാടിനെ മോശമാക്കാനുള്ള ശ്രമത്തിന് കൂട്ടുനിൽക്കുന്നത് ഔചിത്യമല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹിന്ദുത്വ വർഗീയതയെ തീറെഴുതാനുള്ള നീക്കം ശക്തമായി ചെറുക്കും.
കേരളത്തിലെ മിടുക്കരായ വിദ്യാത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്ക പോകുന്നുവെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. അത് ഇവിടുത്ത അടിസ്ഥാന വിദ്യാഭ്യാസം മികച്ചതായതുകൊണ്ടല്ലേ. എന്തേ ഇക്കാര്യം ഗവർണർ മറച്ചുവയ്ക്കുന്നു. എന്റെ സർക്കാരെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ അഭിസംബോധന ചെയ്യുന്നത്. എന്നിട്ടെന്തെ എല്ലായ്പ്പോഴും സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ അമിത താത്പര്യം കാട്ടുന്നു. മന്ത്രിമാരെ അധിക്ഷേപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ഇതൊക്കെ ആരെ മുന്നിൽ കണ്ടിട്ടാണെന്ന് പൊതു സമൂഹം തിരിച്ചറിയുന്നുണ്ട്. അതിന്റെ ഈർഷ്യ മാദ്ധ്യമങ്ങളടക്കം എല്ലാവരോടും അദ്ദേഹം അടിക്കടി കാണിക്കുന്നുമുണ്ട്.
വിവരമില്ലാത്തവൻ എന്നാണ് അദ്ദേഹം ഒരു മന്ത്രിയെ അധിക്ഷേപിച്ചത്. മന്ത്രിമാരുടെ പൊതു വിജ്ഞാനത്തിന്, പാണ്ഡിത്യത്തിന് മാർക്കിടാൻ ഗവർണർക്ക് അധികാരമില്ല. ഒരു വി.സിയുടെ ഭാഷാ പരിചയത്തെപ്പറ്റി രൂക്ഷപരിഹാസം നടത്തി. മറ്റൊരു വിസിയെ ക്രിമിനിൽ എന്നു വിളിച്ചു. വേറൊരു അക്കാദമിക് പണ്ഢിതനെ ഗൂണ്ട എന്നു വിളിച്ചു. പ്രമുഖ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്നത് പതിവാക്കിയ ഇദ്ദേഹത്തെ മഹനീയ വ്യക്തിത്വം എന്നാണ് പറയേണ്ടത്.
ഭരണഘടനാപദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധങ്ങൾ ഉയരും. അത് അഭിമുഖീകരിക്കേണ്ടി വരും. മനസിലാക്കിയാൽ നന്ന്. രാജിവയ്ക്കണമെന്ന് കല്പിക്കാൻ ആക്കും അധികാരമില്ല.
അമിതാധികാര പ്രവണത അനുവദിച്ചുകൊടുക്കില്ല. സർക്കാർ ജീവനക്കാരെ അവർക്ക് പറയാനുള്ളത് കേൾക്കാതെ പിരിച്ചുവിടാനാകില്ല. സ്വച്ഛേധിപത്യമായ നീക്കം. ജുഡിഷ്യറിയെപ്പോലും മറികടക്കുന്നത്. സ്വയം കൈയാളാനുള്ള ശ്രമമാണ്.ചാൻസലർ നേരിട്ട് സംസ്ഥാന പൊലീസ് തലവന് നിർദ്ദേശങ്ങൾ നൽകുന്നത് കണ്ടു.അത്തരം അധികാരമൊന്നും ചാൻസലർക്കില്ല. മിതമായേ പറയുന്നുള്ളൂ. ഗവർണർ കേരളത്തിന്റെ ഭരണത്തിൽ ഇടപടേണ്ട കാര്യമില്ല. സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളമായി സർവകലാശാലകളെ മാറ്റിയെടുക്കാനാണ് ശ്രമം.
ഇത് കാണാൻ കഴിയുന്നവർ യു.ഡി.എഫിൽ പോലുമുണ്ട്. പ്രതിപക്ഷ നേതാവ് ബി.ജെ.പി തന്ത്രത്തിന് കൂട്ടു നിൽക്കുന്നു. എന്നാൽ ലീഗ് നേതാക്കൾ വേറിട്ട ശബ്ദം ഉയർത്തിയത് ഇത് തിരിച്ചറിഞ്ഞാണ്. ഇത് കൂട്ടിവായിക്കാത്തവർ വലിയ രാഷ്ട്രീയ അബദ്ധത്തിലേക്കാണ് എടുത്തു ചാടുന്നത്.
കൊളോണിയൽ വ്യവസ്ഥയുടെ ബാക്കി പത്രമായ ചാൻസലർ സ്ഥാനം ജനാധിപത്യ വ്യവസ്ഥ കനിഞ്ഞു നൽകിയ ഉദാരതയാണ്. എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാം. ഭയം കൊണ്ടല്ല. കടന്നുകയറ്റ ശ്രമങ്ങളെ പൊതു ജനാധിപത്യ അക്കാദാമിക് സമൂഹം നേരിടും. സർവകലാശാലകളെ സ്തംഭിപ്പിക്കാനുള്ളതല്ല ചാൻസലർ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post