ഭുവനേശ്വർ: കടലാമ കറിവച്ചത് കരിഞ്ഞുപോയതിൽ ദേഷ്യപ്പെട്ട ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി വീടിന്റെ പിന്നാമ്പുറത്ത് കുഴിച്ചുമൂടി. ഒഡിഷയിലെ സംമ്പാൽപ്പൂർ ജില്ലയിലുള്ള റൗട്ട്പാഡ ഗ്രാമത്തിൽ കഴിഞ്ഞമാസമാണ് സംഭവം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയുടെ മൃതദേഹം പൊലീസ്ഭ കണ്ടെത്തിയത്. തുടർന്ന് ഭർത്താവ് രഞ്ജൻ ബാഡിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആമക്കറി കരിഞ്ഞതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് രഞ്ജൻ ബഡിംഗ്(36) ഭാര്യ സാബിത്രി ബഡിംഗിനെ (35) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രഞ്ജൻ ആമയെ വീട്ടിൽ കൊണ്ടുവന്ന് പാചകം ചെയ്യാൻ ഭാര്യ സാബിത്രിയോട് ആവശ്യപ്പെട്ടു. പിന്നീട് പുറത്തുപോയ രഞ്ജൻ മദ്യപിച്ച ശേഷം ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ കറി അല്പം കരിഞ്ഞുപോയെന്ന് കണ്ടു. ഇതോടെ സാബിത്രിയുമായി വഴക്കിട്ടു. രഞ്ജൻ ഭാര്യയെ അടിക്കുകയും സാബിത്രി ബോധം കെട്ടു വീഴുകയും ചെയ്തു. വീടു വിട്ടിറങ്ങിയ പ്രതി ഏതാനും മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് സാബിത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം സാബിത്രി വീട്ടിൽ നിന്ന് ഓടിപ്പോയെന്നാണ് രഞ്ജൻ അയൽവാസികളോട് പറഞ്ഞത്. മകളെ കാണാതായതിനെ തുടർന്ന് യുവതിയുടെ അമ്മ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് ഗ്രാമത്തിലെത്തി ബഡിംഗിനോട് ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി. പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടിയതിനെ തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റ്മാർട്ടത്തിനായി വീർ സുരേന്ദ്ര സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
.
Discussion about this post