ലണ്ടൻ : ലാറിപ്പൂച്ച പുലിയാണ്. ബ്രിട്ടനിലെ പുലി. കക്ഷിക്കിനി കാത്തിരിക്കാൻ വയ്യ. നാല് വർഷത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാർ കാലാവധി തികയ്ക്കാതെ പ്രധാനമന്ത്രിക്കസേരയിൽ നിന്ന് പുറത്തായി. ആർക്കും വയ്യെങ്കിൽ ഞാൻ തന്നെ പ്രധാനമന്ത്രിയാകാമെന്നാണ് ലാറിപ്പൂച്ച പറയുന്നത്.
പൂച്ചയ്ക്കെന്താ ബ്രിട്ടീഷ് ഭരണത്തിൽ കാര്യമെന്നാണോ ചിന്തിക്കുന്നത്. എന്നാൽ കേട്ടോളൂ. ഇത് സാധാരണ പൂച്ചയല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിലെ നമ്പർ 10ലെ ‘ ഔദ്യോഗിക എലിപിടുത്തക്കാരൻ ‘ ആണ് ലാറി പൂച്ച. പ്രധാനമന്ത്രിമാരേക്കാൾ ആരാധകർ കാര്യസ്ഥൻ ലാറി പൂച്ചയ്ക്കുണ്ട്. അധികാരമേറ്റ് പത്ത് വർഷമായിട്ടും സ്വന്തം കടമകൾ നിറവേറ്റുന്നതിൽ ലാറി പൂച്ച പുലിയാണ്.
ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലാറി പൂച്ചയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഇപ്പോൾ തന്നെ ചുമതലയേൽക്കാൻ ചാൾസ് മൂന്നാമൻ രാജാവ് തന്നോട് ആവശ്യപ്പെട്ടതായാണ് ലാറി പൂച്ച പറയുന്നത്.
— Kitty W 🕷 (@KittyW888) October 20, 2022
പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ ട്വീറ്റിന് 70,000ത്തിലേറെ ലൈക്കും 15,000ത്തിലേറെ റീട്വീറ്റും ലഭിച്ചു. ബ്രിട്ടണിലെ സമകാലിക രാഷ്ട്രീയ അന്തരീക്ഷം സംബന്ധിച്ച തമാശരൂപേണയുള്ള രസകരമായ പോസ്റ്റുകൾ ലാറി പൂച്ചയുടെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എപ്പോഴും കാണാം.
‘ രാജാവ് എന്നോട് പ്രധാനമന്ത്രിയാകാൻ പറഞ്ഞു. കാരണം, ഈ വിഡ്ഢിത്തം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ‘ ലാറിയുടെ ട്വീറ്റിൽ പറയുന്നു. ഡൗണിംഗ് സ്ട്രീറ്റിൽ നിൽക്കുന്ന ലാറിയുടെ ചിത്രവും ട്വീറ്റിനൊപ്പം കാണാം. ഫോട്ടോഷോപ്പ് വഴി എഡിറ്റ് ചെയ്ത് ചേർത്ത ഒരു ചെറു പോഡിയവും ചിത്രത്തിലുണ്ട്. നേരത്തെ ബോറിസ് ജോൺസൺ രാജിവയ്ക്കണമെന്ന് കാട്ടി എം.പിമാർ കൂട്ടത്തോടെ രാജിവച്ചപ്പോൾ താനും രാജിവയ്ക്കുന്നതായി തമാശ രൂപേണ ലാറിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.
വെള്ളയും ചാരനിറവും ഇടകലർന്ന ലാറി പൂച്ച 2011ൽ ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരിക്കെയാണ് ഔദ്യോഗിക എലിപിടുത്തക്കാരനായി ചുമതലയേ?റ്റത്. ഔദ്യോഗിക കാലയളവിൽ കാമറൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ് എന്നിങ്ങനെ 4 പ്രധാനമന്ത്രിമാർക്ക് കീഴിൽ ജോലി ചെയ്യാൻ ലാറിയ്ക്ക് കഴിഞ്ഞു. ഇനി അഞ്ചാമത്തെയാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് 15 വയസുള്ള ലാറി. അനാഥ പൂച്ചകളെയാണ് ബ്രിട്ടണിലെ ‘ ചീഫ് മൗസർ ‘ തസ്തികയിൽ നിയമിക്കുന്നത്.
തെരുവുപൂച്ചകളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നാണ് ലാറിയെ ഡൗണിംഗ് സ്ട്രീറ്റിൽ എത്തിച്ചത്. എലിപിടുത്തത്തിലെ ജെയിംസ് ബോണ്ടാണ് ലാറി. തന്റെ അനുവാദമില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആരെയും ലാറി പ്രവേശിപ്പിക്കുകയുമില്ല.
Discussion about this post