തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെയാണ് കോടതി പരാതിക്കാരിയുടെ ഭാഗം കേട്ടത്. തന്നെ ആക്രമിക്കാനും വധിക്കാനും ശ്രമിച്ചെന്ന കാര്യം പരാതിക്കാരി കോടതിയെ അറിയിച്ചു. എല്‍ദോസിന്റെ ഫോണുകള്‍ പിടിച്ചെടുക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ വിശദമായി കേട്ട ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമൂഹമാധ്യമത്തില്‍ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളും ഇടാന്‍ പാടില്ല. 22-ാം തീയതി അന്വേഷണ സംഘത്തിന് മുന്നില്‍ എല്‍ദോസ് ഹാജരാകണം.
അതേസമയം, പീഡനക്കേസില്‍ താന്‍ നിരപരാധിയാണെന്നും സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദീകരിച്ചിരുന്നു. നടപടിക്കു മുന്‍പ് തന്റെ ഭാഗം കേള്‍ക്കണം എന്ന് കെപിസിസി നേതൃത്വത്തോട് എം.എല്‍.എ അഭിഭാഷകന് മുഖേനെ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചതിന് ശേഷം വിശദമായ വിശദീകരണം നല്‍കാനാണ് തീരുമാനം. പരാതിക്കാരിക്കെതിരായ കേസുകളുടെ വിവരങ്ങളും എല്‍ദോസ് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.
‘തന്നെ യുവതി പരിചയപ്പെട്ടത് പി ആര് ഏജന്‍സി ജീവനക്കാരി എന്ന നിലയിലാണ്. പല എം.എല്‍.എമാരുടെയും സമൂഹ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് തങ്ങള്‍ ആണെന്നും യുവതി പറഞ്ഞിരുന്നു. ആ നിലയിലാണ് യുവതിയുമായി പരിചയമെന്നും പരാതിക്കാരിക്കെതിരെ നിരവധി കേസുകളുണ്ടെന്നുമാണ് എല്‍ദോസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍.
Discussion about this post