പത്തനംതിട്ട: ഇലന്തൂരില്‍ നടന്ന നാടിനെ നടുക്കിയ നരബലിക്ക് പിന്നാലെ മലയാലപ്പുഴയിലും മന്ത്രവാദം. മലയാലപ്പുഴയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രമായ വാസന്തിയമ്മമഠം നടത്തിയിരുന്ന ശോഭനയെയും (52) ഭര്‍ത്താവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി പെണ്‍കുട്ടി കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും ഇന്നു രാവിലെ വീട് ഉപരോധിച്ചതിനു പിന്നാലെയായിരുന്നു നടപടി.
എട്ടു വര്‍ഷമായി ഇവിടെ പൂജയും ബാധയൊഴിപ്പിക്കലും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പൂജ നടത്തുമ്പോള്‍ ഉച്ചത്തില്‍ ചീത്ത വിളിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെ എതിര്‍ക്കുന്ന നാട്ടുകാര്‍ക്ക് നേരെ ശോഭന ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല വീടിനു മുന്‍പില്‍ പൂവ് ഇടുകയും നാണയം എറിയുകയും നാല്‍പ്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. ഗുണ്ടകളേയും ഇവര്‍ ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
Discussion about this post