സൗദി ക്ലബ് അൽ നസറുമായുള്ള കരാർ ജൂൺ 30ന് അവസാനിക്കാനിരിക്കെ ടീം വിടുമെന്ന് സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം സൂചന നൽകിയത്. ‘ഈ അധ്യായം അവസാനിച്ചു. കഥ ഇനിയും തുടരും. എല്ലാവർക്കും നന്ദി’- എന്നാണ് ക്രിസ്റ്റ്യാനോ ഇൻസ്റ്റയിൽ കുറിച്ചത്.
നേരത്തെ കരാർ ഒരുവർഷംകൂടി നീട്ടാൻ അൽ നസർ ക്രിസ്റ്റിയാനോ വൻ തുക വാഗ്‌ദാനംചെയ്‌തിരുന്നു. എന്നാൽ ഇതുവരെ അദ്ദേഹം സമ്മതം മൂളിയിട്ടില്ല. അതേസമയം ബ്രസീൽ ഫുട്‌ബോൾ ലീഗിൽനിന്ന് ഒരു ക്ലബ് റൊണാൾഡോയ്‌ക്കായി രംഗത്തെത്തിയതായി അഭ്യൂഹമുണ്ട്. അടുത്തമാസം നടക്കുന്ന ക്ലബ് ലോകകപ്പിൽ ബ്രസീൽ ലീഗിൽനിന്ന് നാല് ക്ലബ്ബുകളാണ് കളിക്കുന്നത്. ബൊട്ടാഫോഗോ, ഫ്‌ളെമംഗോ, ഫ്‌ളുമിനെസ്, പൽമെയ്‌റാസ് ക്ലബ്ബുകളാണ് ഇവ.
സൗദി ലീഗിൽ റൊണാൾഡോയ്‌ക്ക് പ്രധാന നേട്ടങ്ങളില്ല. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ജപ്പാൻ ക്ലബ് കവാസാക്കിയോട് തോറ്റ് അൽ നാസർ പുറത്തായത് നാൽപ്പതുകാരനെ നിരാശനാക്കിയിരുന്നു. സീസണിൽ 39 കളിയിൽ 33 ഗോളാണ് ക്രിസ്റ്റിയാനോ നേടിയത്.