വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

Second chargesheet filed in Venjaramoodu massacre case

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിച്ചു. അഫാന്റെ പിതൃസഹോദരൻ അബ്ദുൾ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. കേസ് അന്വേഷിച്ച കിളിമാനൂർ സി ഐ ബി. ജയനാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 543 പേജുകളിലായാണ് കുറ്റപത്രം തയ്യാറാക്കിയത്. 110 സാക്ഷികളും, 116 തൊണ്ടിമുതലും, CCTV ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള 70 ഡിജിറ്റൽ തെളിവുകളുമാണ് കുറ്റപത്രത്തിൽ ഉള്ളത്.

അഫാന് കൊല്ലപ്പെട്ട ലത്തീഫിനോടും ഷാഹിദയോടും വൈരാഗ്യം ഉണ്ടായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. അഫാന്റെ മാതാവിൽ നിന്നും ചിട്ടിതുകയായി ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതാണ് പ്രധാന കാരണം. വീട് വിറ്റ് സാമ്പത്തിക ബാധ്യതകൾ തീർത്ത് വിദേശത്തുള്ള പിതാവിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മൊഴിയുണ്ട്. അഫാനും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ സഹായിക്കാതെ കുറ്റപ്പെടുത്തിയതും വൈരാഗ്യത്തിന് കാരണമായി. പെൺസുഹൃത്ത് ഫർസാനയുമായുള്ള ബന്ധം അബ്ദുൾ ലത്തീഫ് എതിർത്തതും കൊലയ്ക്ക് കാരണമായി എന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു.

നേരത്തെ മുത്തശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം പാങ്ങോട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. സഹോദരനെയും പെൺ സുഹൃത്തിനെയും കൊലപ്പെടുത്തുകയും അമ്മയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ കുറ്റപത്രം വെഞ്ഞാറമൂട് പൊലീസും ഉടൻ സമർപ്പിക്കും.

അതേസമയം, ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ട്. പേര് വിളിച്ചപ്പോൾ കണ്ണുതുറക്കാൻ ശ്രമിച്ചയാതി ഡോക്ടർമാർ പറയുന്നു. തലച്ചോറിനേറ്റ ക്ഷതങ്ങളുടെ സങ്കീർണ്ണത മനസിലാക്കാൻ ഇടവിട്ടുള്ള എംആർഐ സ്‌കാനിങ്ങിന് നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ 48 മണിക്കൂർ ആയി വെന്റിലേറ്ററിന്റെ സഹായത്തിലാണ് അഫാൻ. അപകടനില തരണം ചെയ്‌തെന്ന് ഈ അവസരത്തിൽ പറയാൻ കഴിയില്ല എന്നും ഡോക്ടർമാർ അറിയിച്ചു. തൂങ്ങിമരിക്കാൻ ശ്രമിച്ചതിനിടെ തലക്കേറ്റ ക്ഷതം ഗുരുതരമാണ്. ദീർഘനാളത്തെ ചികിത്സ വേണ്ടിവരും എന്നും ഡോക്ടർമാർ പറഞ്ഞു.

Exit mobile version