നിലമ്പൂരിൽ മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ്. യുഡിഎഫ് മുന്നണിയിൽ എടുത്തില്ലെങ്കിൽ പി വി അൻവർ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനമെടുക്കണമെന്നും നേതൃത്വം വ്യക്തമാക്കി.
യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് കത്ത് നൽകിയിട്ട് ഏകദേശം അഞ്ച് മാസത്തിലേറെയായി. തീരുമാനമെടുക്കുന്നതിന് രണ്ട് ദിവസത്തെ സമയം യുഡിഎഫിന് നൽകുകയാണ്. അത് കഴിഞ്ഞാൽ നിലമ്പൂരിൽ പിവി അൻവർ മത്സരരംഗത്തുണ്ടാകും എന്നാണ് ഇന്നത്തെ നിയോജക മണ്ഡലം കമ്മറ്റിയുടെ തീരുമാനം – തൃണമൂൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ എ സുകു പറഞ്ഞു.
അസോസിയേഷൻ ഒന്നും ഇനി പ്രായോഗികമല്ല. ഘടകക്ഷിയായി പരിഗണിക്കണം. അല്ലെങ്കിൽ ഞങ്ങൾ മത്സരരംഗത്തുണ്ടാകും. ജയിക്കാനായുള്ള സാഹചര്യം സൃഷ്ടിക്കും. അപ്പോൾ പിന്നെ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയുണ്ടോയെന്ന് ഞങ്ങൾക്ക് നോക്കേണ്ട കാര്യമില്ലല്ലോ – ഇ എ സുകു പറഞ്ഞു. ഒറ്റയ്ക്ക് മത്സരിച്ചാൽ തന്നെ തൃണമൂൽ കോൺഗ്രസ് വിജയിച്ചു വരുന്ന സാഹചര്യം നിലമ്പൂരിലുണ്ടെന്ന് നേതാക്കൾ പറയുന്നു. തൃണമൂൽ കോൺഗ്രസ് യുഡിഎഫിലെത്തിയാൽ തീർച്ചയായും യുഡിഎഫ് ജയിക്കുമെന്നും ഇവർ വ്യക്തമാക്കി.
മുന്നണിയിലെടുക്കുമെന്ന് വി ഡി സതീശനടക്കം പറഞ്ഞിട്ടും അത് ചെയ്തില്ല. വഞ്ചനാപരമായ തീരുമാനമല്ലേ ഇത്. ഈ മണ്ഡലത്തിൽ മത്സരിച്ച് ജയിക്കാനുള്ള കരുത്തും ശേഷിയും തൃണമൂലിനുണ്ട്. മുന്നണി പ്രവേശം അനന്തമായി നീട്ടിക്കൊണ്ട് പോകാൻ സാധിക്കില്ല. മുന്നണിയിലെടുക്കുമെന്ന പ്രതീക്ഷയിലാണ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തത്. ആവശ്യങ്ങൾ യുഡിഎഫ് നേതൃത്വത്തോട് പറയുമെന്നും നേതാക്കൾ വ്യക്തമാക്കി.