പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ച് ജി സുധാകരന്റെ കവിത

വിഎസ് അച്യുതാനന്തന്റെ പുകഴ്ത്തിയും പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ചും ജി സുധാകരന്റെ കവിത. വിഎസിനെ കുട്ടനാടിന്റെ വീരപുത്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇടിമുഴക്കം പോലെ ശബ്ദം, സിംഹ ഗര്‍ജ്ജനം പോലൊരു ആഹ്വാനം എന്ന പേരില്‍ കലാകൗമുദിയിലാണ് കവിത.
2011ല്‍ തുടര്‍ഭരണം വരാതിരിക്കാന്‍ യൂദാസുമാര്‍ പത്മവ്യൂഹം തീര്‍ത്തു എന്നും സുധാകരന്‍ കവിതയില്‍ മറ്റൊരു ഭാഗത്ത് പറയുന്നു.
‘കരളുറപ്പോടെ പോരാടിയ ജനസഭ
അതിലിങ്കല്‍ മുഖ്യനായ് വാണകാലം
വീണ്ടും വരാനായ് കൊതിച്ചുനാമെങ്കിലും
യുദാസുകള്‍ തീര്‍ത്ത പത്മവ്യൂഹം
മുന്നിലായ് കാണുവാന്‍ മുമ്പേ അറിയാതെ
നഷ്ടമായ് ഏറെപ്പടക്കളങ്ങള്‍’ – എന്നാണ് കവിതയില്‍ പറയുന്നത്.

ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഏറ്റവും വലിയ മുദ്രാവാക്യമാണ് നവകേരളം എന്നത് അതിനെ കുറിച്ചും കവിതയില്‍ പരാമര്‍ശമുണ്ട്. അധ്വാനമാകണം നവ കേരളത്തിന്റെ മുദ്ര അതാകണം മുഖ്യമുദ്ര എന്നും കവിതയില്‍ പറയുന്നു.
ഒരുകാലഘട്ടത്തില്‍ വിഎസിന്റെ ഉറ്റ അനുയായിയായിരുന്നു ജി സുധാകരന്‍. അതിനു ശേഷം പാര്‍ട്ടി വിഭാഗീയത രൂക്ഷമായ ഘട്ടത്തിലായിരുന്നു പിണറായി പക്ഷത്തേക്ക് മാറിയത്. തുടര്‍ന്ന് വിഎസിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചു.

Exit mobile version