തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. സിപി ഐഎം പാർട്ടിയെയും തൃശ്ശൂർ ജില്ലയിലെ മൂന്ന് മുൻ സിപിഐഎം ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് കുറ്റപത്രം. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടി. ഇതോടെ മൊത്തം പ്രതികളുടെ എണ്ണം 83 ആയി.
തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടിയാണെന്ന് ഇ ഡി റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ സ്വത്തുക്കളിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടി രൂപയാണെന്നും റിപ്പോർട്ടിലുണ്ട്.
എ സി മൊയ്തീൻ എംഎൽഎ, എംഎം വർഗീസ്, കെ രാധാകൃഷ്ണൻ എംപി എന്നീ മുൻ ജില്ലാ സെക്രട്ടറിമാരാണ് പ്രതികളായത്. സിപിഐഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായിരുന്ന കെ സി പ്രേമരാജനും പ്രതിയാണ്. എ സി മൊയ്തീൻ 67ാം പ്രതിയും എം എം വർഗീസ് 69ാം പ്രതിയും കെ രാധാകൃഷ്ണൻ 70ാം പ്രതിയുമാണ്. എന്നാൽ നേരത്തെ ഇ ഡി മുമ്പ് ചെയ്ത മുൻ എംപി പി കെ ബിജു, കേരള ബാങ്ക് വൈസ് ചെയർമാൻ എംകെ കണ്ണൻ എന്നിവരെ പ്രതി ചേർത്തിട്ടില്ല.
വടക്കാഞ്ചേരി നഗരസഭയിലെ സിപിഐഎം കൗൺസിലർ മധു അമ്പലപുരമാണ് കേസിലെ ഒന്നാം പ്രതി. സിപിഐഎം പൊറത്തുശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എആർ പീതാംബരൻ, പൊറത്തുശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എംബി രാജു എന്നിവരാണ് രാഷ്ട്രീയ പ്രവർത്തകരായ മറ്റ് പ്രതികൾ.
Discussion about this post